നെയ്‌പിഡോ: ഭൂകമ്പത്തെതുടർന്ന് ദുരന്തഭൂമിയായി മാറിയ മ്യാൻമറിനെ ഭീതിയിലാഴ്‌ത്തി തുടർ ചലനങ്ങൾ. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.38ന് മണ്ഡലൈ നഗരത്തിന് സമീപം റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിലെ ഭൂചലനം രേഖപ്പെടുത്തി. ശനിയാഴ്ച അർദ്ധരാത്രിയോടെ 4.2 തീവ്രതയിലെ ചലനവും മേഖലയിലുണ്ടായി. എന്നാൽ, അധിക നാശനഷ്ടങ്ങൾ ഉണ്ടായില്ല. വെള്ളിയാഴ്ചയാണ് മ്യാൻമറിനെ നടുക്കി 7.7 തീവ്രതയിലെ ഭൂകമ്പമുണ്ടായത്. ഇതിന്റെ പ്രഭവ കേന്ദ്രവും മണ്ഡലൈയ്ക്ക് സമീപമായിരുന്നു.
മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,700 ആയി. 10,000 വരെ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് യു.എസ് ജിയോളജിക്കൽ സർവീസിന്റെ നിഗമനം. 3,400 പേർക്ക് പരിക്കേറ്റു. 300ലേറെ പേരെ കാണാതായി. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയവർക്കായി ഇന്ത്യയിൽ നിന്നുള്ള രക്ഷാദൗത്യസംഘങ്ങളും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവയും തെരച്ചിൽ തുടരുന്നു.
പട്ടാള ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കുകയാണെന്ന് മ്യാൻമറിലെ ജനാധിപത്യ അനുകൂല സേനകൾ അറിയിച്ചു. ഭൂകമ്പമുണ്ടായിട്ടും പട്ടാളം വിമതർക്കെതിരെ വ്യോമാക്രമണം നടത്തിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഷാൻ സംസ്ഥാനത്ത് വെള്ളിയാഴ്ച ഭൂകമ്പമുണ്ടായി മൂന്നു മണിക്കൂറിനുള്ളിലുണ്ടായ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു.
ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞു.
തായ്‌ലൻഡിൽ മരണം 18
തായ്‌ലൻഡിൽ മരണം 18 ആയി. ബാങ്കോക്കിൽ തകർന്ന 30 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും 78 പേരുണ്ട്. പലരും മരിച്ചിരിക്കാം. ഡ്രോൺ, റോബോട്ട് എന്നിവ ഉപയോഗിച്ചും വിപുലമായ തെരച്ചിൽ തുടരുന്നു. തായ് ലൻഡിൽ നിന്ന് മ്യാൻമറിലേക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നുണ്ട്.
ചൈനീസ് കമ്പനിക്ക്
എതിരെ അന്വേഷണം
ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 30 നില കെട്ടിടം തകർന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. ചൈനീസ് ബന്ധമുള്ള കമ്പനിയാണ് നിർമ്മാതാക്കൾ. ഭൂകമ്പമുണ്ടായി സെക്കൻഡുകൾക്കുള്ളിലാണ് കെട്ടിടം തകർന്നത്. മറ്റ് കെട്ടിടങ്ങൾ ഇതുപോലെ തകർന്നില്ല.
നിർമ്മാണത്തിൽ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. നാഷണൽ ഓഡിറ്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം മൂന്ന് വർഷം മുമ്പാണ് തുടങ്ങിയത്. 200 കോടി തായ് ബാട്ടിലേറെയാണ് (45 മില്യൺ പൗണ്ട് ) ചെലവിട്ടത്.
ആശ്വാസമായി ഇന്ത്യ
മ്യാൻമറിന് ആശ്വാസമായി ഇന്ത്യയുടെ 'ഓപ്പറേഷൻ ബ്രഹ്‌മ' തുടരുന്നു. രണ്ട് സി - 17 വിമാനങ്ങളടക്കം അഞ്ച് മിലിട്ടറി വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും എത്തിച്ചു. സി - 17 വിമാനങ്ങളിൽ മാത്രം 60 ടൺ സാമഗ്രികളാണ് കൈമാറിയത്. ഇന്ത്യൻ ആർമി ഫീൽഡ് ഹോസ്‌പിറ്റൽ യൂണിറ്റിന്റെ 118 അംഗ സംഘവും മ്യാൻമറിലെത്തി. എൻ.ഡി.ആർ.എഫിന്റെ 80 അംഗ തിരച്ചിൽ സംഘം, കരസേനയുടെ പാരാ ബ്രിഗേഡ് എന്നിവയും രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിലുണ്ട്. 40 ടൺ സാമഗ്രികളുമായി ഐ.എൻ.എസ് സത്‌പുര, ഐ.എൻ.എസ് സാവിത്രി യുദ്ധക്കപ്പലുകളും പുറപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |