തൃശൂർ: ഒരു മാസം മുൻപ് ആരംഭിച്ച തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതോടെ ഒഴിയാതെ ഗതാഗതക്കുരുക്ക്. ഇന്നലെ അമല വിലങ്ങൻ ബസ് സ്റ്റോപ്പു മുതൽ തൃശൂർ വരെയുളള എട്ട് കിലോമീറ്ററോളം ദൂരം കടക്കാൻ മാത്രം ഒരു മണിക്കൂറോളം സമയമെടുത്തു. കേച്ചേരി എരനെല്ലൂരിലും റോഡ് പൊളിച്ചതിനാൽ വാഹനങ്ങൾ കുരുങ്ങി. ചൂണ്ടൽപ്പാടത്ത് പണി നടക്കുന്നതിനാൽ കേച്ചേരിയിൽ നിന്ന് ആളൂർ വഴിയാണ് ആഴ്ചകളായി വാഹനങ്ങൾ കടത്തിവിടുന്നത്. പൂങ്കുന്നം മുതൽ മുതുവറ വരെയും കേച്ചേരി മുതൽ ചൂണ്ടൽ വരെയുമുള്ള ഭാഗത്തെ പ്രവർത്തനങ്ങളാണ് ആദ്യം ആരംഭിച്ചത്.
പണി പലത്
വെള്ളം കയറി പെട്ടെന്ന് തകരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റും മറ്റിടങ്ങളിൽ ബിറ്റമിൻ മെക്കാഡം ടാറിംഗുമാണ് ചെയ്യുന്നത്. മുതുവറയിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇളകിയ കട്ടകൾ നീക്കം ചെയ്താണ് റോഡ് നവീകരണം. റീ ബിൽഡ് കേരളയുടെ ഭാഗമായാണ് റോഡ് പുനർ നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കെ.എസ്.ടി.പി വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കൂടുതൽ റോഡ് തകർന്ന കേച്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഭാഗത്തെ വീതി കുറവുള്ള അഞ്ച് കൽവെർട്ടുകൾ പൊളിച്ച് പുതിയവ നിർമ്മിക്കും. ഇരുവശത്തും കരിങ്കൽ കെട്ടി കാനകൾ നിർമ്മിച്ച് കൽവെർട്ടുകളുമായി ബന്ധപ്പെടുത്തും. വൈദ്യുതി കമ്പികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കം ചെയ്യാൻ കെ.എസ്ഇ.ബി അധികൃതരുമായി കരാർ കമ്പനിക്കാർ ധാരണയിൽ എത്തിയിട്ടുണ്ട്.
അടപടലം പൊടിപൂരം
റീടാറിംഗ് നടക്കുന്ന സംസ്ഥാനപാതയിൽ പൊടിപടലങ്ങൾ മൂലം വലഞ്ഞ് വ്യാപാരികളും പരിസരവാസികളും യാത്രക്കാരും.
കൈപ്പറമ്പ് മുതൽ മഴുവഞ്ചേരി വരെയാണ് പൊടി ശല്യം കൂടുതലുളളത്. മഴുവഞ്ചേരിയിൽ നിന്ന് കേച്ചേരിയിലേക്കുളള റോഡിന്റെ വീതി കൂട്ടുന്നതിനുളള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുമില്ല. വാഹനങ്ങൾ തിരിച്ചുവിട്ടത് മൂലം പല സ്ഥലങ്ങളിലും ഗതാഗത തടസമുള്ളതായി യാത്രക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |