തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ സർക്കാർ വരുത്തിയ പരിഷ്കാരത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ജീവനക്കാരൻ മരിക്കുന്ന തീയതിൽ 13 വയസോ അതിനുമുകളിലോ പ്രായമുണ്ടെങ്കിൽ മാത്രമാണ് ആശ്രിത നിയമനത്തിന് അർഹതയെന്ന മാനദണ്ഡത്തിലാണ് കടുത്ത എതിർപ്പ്. 8 ലക്ഷമെന്ന വരുമാനപരിധി കടുപ്പിച്ചതും ആശ്രിത നിയമനത്തിന് തിരിച്ചടിയാകുമെന്നും ആക്ഷേപമുണ്ട്.
പരിഷ്കാരത്തിനെതിരെ സി.പി.ഐ അനുകൂലസംഘടനായ ജോയിന്റ് കൗൺസിൽ രംഗത്തെത്തി. ബഹുഭൂരിപക്ഷത്തിനും ആശ്രിത നിയമനം ലഭിക്കാത്ത തരത്തിലാണ് മാനദണ്ഡങ്ങളിലെ പരിഷ്കരണമെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു. ക്ഷാമബത്ത കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചതിന് പിന്നാലെ ആശ്രിത നിയമനത്തിൽ വരുത്തിയ പരിഷ്കാരത്തിൽ ജീവനക്കാർ കടുത്ത അതൃപ്തിയിലാണ്.
ആശ്രിത നിയമനത്തിന് 13 വയസ് പ്രായപരിധി വയ്ക്കുന്നതിൽ സർവീസ് സംഘടനകൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അത് കണക്കിലെടുക്കാതെയാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനമെടുത്തത്. പരിഷ്കരണ നിർദ്ദേശങ്ങളിൽ അവ്യക്തതയുണ്ടെന്നും പരാതിയുണ്ട്.
ആശ്രിതനിയമന രീതിയിലെ മാറ്റം എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് നിയമനം കാത്തു കഴിയുന്നവർ. ഓരോ വകുപ്പിലും അഞ്ചുശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്.
'നിബന്ധന മാറ്റണം'
ജീവനക്കാരൻ മരിക്കുന്ന തീയതിയിൽ ആശ്രിതനായ കുട്ടിക്ക് 13 വയസ് കഴിഞ്ഞിരിക്കണമെന്ന നിബന്ധന മാറ്റണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ ആവശ്യപ്പെട്ടു. യൂണിഫോം പോസ്റ്റിൽ എത്രശതമാനം എന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, ഒഴിവുകൾ കോമൺപൂളിലേക്ക് മാറ്റുന്നത് സ്വാഗതാർഹമാണ്.
"ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ ആശ്രിതന് 13 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണമെന്ന വിചിത്ര നിബന്ധന ഏർപ്പെടുത്തിയത് സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതാണ്
-എം.എസ്. ഇർഷാദ്, കൺവീനർ
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
ജീവനക്കാരൻ മരിക്കുന്നതിനുപോലും സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് പുതിയ മാനദണ്ഡത്തിൽ. ഭേദഗതി വരുത്തിയില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്‌കരിക്കും
-കെ.സി.സുബ്രഹ്മണ്യൻ, സംസ്ഥാന പ്രസിഡന്റ്
കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ
"ബഹുഭൂരിപക്ഷത്തിനും നിയമനം ലഭിക്കാത്ത തരത്തിലാണ് മാനദണ്ഡങ്ങളിലെ പരിഷ്ക്കരണം. ഇത് പിൻവലിക്കണം
-ചവറ ജയകുമാർ, സംസ്ഥാന പ്രസിഡന്റ്,
എൻ.ജി.ഒ.അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |