കൽപ്പറ്റ: എട്ടു മാസത്തെ കാത്തിരിപ്പിന് ഒടുവിൽ പ്രതീക്ഷയ്ക്ക് അപ്പുറം ആത്മവിശ്വാസം കൂടിയെന്ന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത ദുരന്തബാധിതർ. തങ്ങളുടെ വീടും ഭൂമിയും തുടച്ചുനീക്കിയ ദുരന്തത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയതാണ്. എല്ലാവരും ചേർത്തുപിടിച്ച നാളുകൾ. പുനരധിവാസ പ്രവർത്തനങ്ങൾ വൈകിയപ്പോൾ പ്രതീക്ഷയ്ക്ക് മങ്ങലേറ്റതുപോലെ. അവിടെ നിന്നാണ്
പ്രതീക്ഷയ്ക്ക് ചിറകുമുളച്ചതുപോലെ ടൗൺഷിപ്പ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എം.പിയും ഒരുവേദിയിൽ അണിനിരന്നത് എല്ലാം നഷ്ടപ്പെട്ടവരുടെ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. പതിറ്റാണ്ടുകളായി താമസിച്ചിരുന്ന മുണ്ടക്കൈ , ചൂരൽമല ഗ്രാമങ്ങൾ അതുപോലെ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പാണ്. എങ്കിലും ഒരുമിച്ച് ഒരേ സ്ഥലത്ത് താമസിക്കാൻ അവസരം ഒരുക്കുന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.
സർക്കാർ ചേർത്ത് പിടിച്ചു: ശിവാനന്ദൻ
ദുരന്തത്തിനുശേഷം എട്ടുമാസവും സർക്കാർ തങ്ങളെചേർത്തുപിടിച്ചിട്ടുണ്ട്. എല്ലാം അവസാനിച്ചെന്ന് കരുതിയ നാളുകളിൽ കൂടെ നിന്നത് മറക്കാനാകില്ല. രക്ഷാപ്രവർത്തനത്തിലും താത്ക്കാലിക പുനരധിവാസത്തിലും പൊതുസമൂഹത്തോടൊപ്പം സർക്കാർ ഉണ്ടായിരുന്നു. ഇതുവരെ വാടക മുടങ്ങിയിട്ടില്ല. ജീവനോപാധി എന്ന നിലയിലുള്ള തുകയും ലഭിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പ് വൈകിയപ്പോൾ ചെറിയ നിരാശ തോന്നിയിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ സർക്കാർ സഹായം അനിവാര്യമാണ്. അതുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
വീട് ലഭിക്കുന്നതിൽ സന്തോഷം: സോമൻ
എട്ടു മാസത്തെ കാത്തിരിപ്പ്‌വേണ്ടി വന്നെങ്കിലും വീട് നിർമ്മാണം തുടങ്ങുന്നതിൽ സന്തോഷമെന്ന് ദുരന്തബാധിതനായ സോമൻ. വേണ്ടപ്പെട്ടവരെല്ലാം ദുരന്തത്തിൽ നഷ്ടപ്പെട്ടപ്പോൾ തലനാരിഴക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. തകർന്ന വീടിനുള്ളിൽ നിന്ന് മകനെയും വലിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കൈകാലുകളിൽ പരിക്കേറ്റിരുന്നു. ഇനി സാധാരണ ജീവിതം ഉണ്ടാകില്ലെന്ന തോന്നലായിരുന്നു . എന്നാൽ പൊതുസമൂഹവും സർക്കാരും ചേർത്തുനിർത്തി. തറക്കല്ലിട്ടതോടെ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ മാനസികമായി തയ്യാറെടുക്കുകയാണ്. അടുത്ത മഴയ്ക്ക് മുമ്പ് അടച്ചുറപ്പുള്ള വീട്ടിൽ കയറി കൂടണമെന്നാണ് പ്രാർത്ഥന.
കുറച്ചു നാളുകൾ കൂടി കാത്തിരിക്കാം: ബീരാൻ
മഹാ ദുരന്തത്തിനുശേഷം ഇത്രയും കാലം വീട് കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. അങ്ങനെ എട്ടുമാസം കഴിഞ്ഞു. പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എങ്കിലും സർക്കാർ വാഗ്ദാനം ചെയ്തതെല്ലാം കിട്ടി. പുതിയ വീടുകൾക്ക് തറക്കല്ലിട്ടു. ഡിസംബറോടെ വീട് നിർമ്മാണം പൂർത്തിയാക്കും എന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളത്. അതിൽ പ്രതീക്ഷയും വിശ്വാസവും ഉണ്ട്. മുഖ്യമന്ത്രി നേരിട്ട് എത്തി പറയുന്നതല്ലേ. അവിശ്വസിക്കേണ്ട കാര്യമില്ല. പുതുവർഷത്തിൽ പുതിയവീട്ടിൽ താമസിക്കാൻ കഴിയും എന്നാണ് കരുതുന്നത്. ദുരന്തത്തിന്റെ നാളുകൾ ഓർത്തെടുക്കാൻ ആകില്ല. പഴയ സുന്ദര ഗ്രാമങ്ങൾ ഇനി പുനർജനിക്കിലെങ്കിലും പഴയ അയൽക്കാർ കൂടെയുണ്ട്.
ചൂരൽമലയ്ക്ക് പകരമാകില്ല എങ്കിലും പ്രതീക്ഷ :അസീസ്
ചൂരൽമലയ്ക്ക് പകരമാകില്ല പുതിയ ഗ്രാമം . എങ്കിലും പ്രതീക്ഷയുണ്ട്. തങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് നിൽക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. തൊട്ടടുത്ത വീട്ടിൽ കഴിഞ്ഞിരുന്നവരെ കാണാൻ ഇപ്പോൾ നിർവാഹമില്ല. എല്ലാവരും പല സ്ഥലങ്ങളിലാണ് താമസം. ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നതോടെ എല്ലാവർക്കും ഒരുമിച്ച് കഴിയാമെന്നാണ് പ്രതീക്ഷ. ആ കറുത്ത ദിനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും മനസ് പിടയുകയാണ്. ചൂരൽമലയിലേക്ക് പോകാൻ മനസുവരുന്നില്ല. സർക്കാരും പൊതുസമൂഹവും കൂടെയുള്ളത് വലിയ ആത്മവിശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |