വാഷിംഗ്ടൺ: യു.എസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ രംഗത്ത്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സെനറ്റർ റോജർ വിക്കർ പറഞ്ഞു.
യെമനിലെ ഹൂതി വിമതർക്കെതിരെയുള്ള യു.എസ് സൈനിക നടപടികൾ ചർച്ച ചെയ്യാനുള്ള ഗ്രൂപ്പിൽ ദ അറ്റ്ലാന്റിക് മാഗസിൻ എഡിറ്റർ-ഇൻ-ചീഫ് ജെഫ്രി ഗോൾഡ്‌ബെർഗിനെ അബദ്ധത്തിൽ ചേർത്തതാണ് വിവാദങ്ങൾക്ക് കാരണം. വിവരം വെളിപ്പെടുത്തിയ ജെഫ്രി ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും പുറത്തുവിട്ടിരുന്നു.
വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് തുടങ്ങിയ ഉന്നതരായിരുന്നു ഗ്രൂപ്പിൽ. ഈ മാസം ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളുടെ സമയം, ലക്ഷ്യം തുടങ്ങിയ തത്സമയ വിവരങ്ങൾ ഹെഗ്‌സേത്ത് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു.
ഇത് ജെഫ്രി പുറത്തുവിട്ട സന്ദേശങ്ങളിലും വ്യക്തമാണ്. ജെഫ്രിയെ ഗ്രൂപ്പിൽ അബദ്ധത്തിൽ ചേർത്തതിന്റെ ഉത്തരവാദിത്വം യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു. ഗ്രൂപ്പിൽ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ പങ്കുവച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
തന്റെ ദേശീയ സുരക്ഷാ ടീമിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സുരക്ഷാ വീഴ്ച ഗുരുതരമാണെന്നും സന്ദേശങ്ങൾ തെറ്റായ കരങ്ങളിൽ എത്തിയിരുന്നെങ്കിൽ സൈനികരുടെ ജീവൻ അപകടത്തിൽ പെടുമായിരുന്നെന്നും വിമർശനം ഉയരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |