തിരുവനന്തപുരം: വിദേശത്ത് സ്ഥിര താമസമാക്കിയവരുടെ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസുകളിൽ റവന്യു വിജിലൻസ് അന്വേഷണം തുടങ്ങി. ദക്ഷിണ മേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ വിജയനാണ് അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ വില്ലേജുകളിൽ വിജിലൻസ് പരിശോധന തുടങ്ങി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് നൽകണം. മാർച്ച് 14ന് 'നോക്കെത്താ ദൂരത്തെ ഭൂമി തട്ടാൻ മാഫിയ" എന്ന തലക്കെട്ടിൽ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് മന്ത്രി കെ. രാജൻ വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
വിദേശത്ത് സ്ഥിര താമസമാക്കിയവരുടെ പേരിലുള്ള, ദീർഘകാലമായി അന്വേഷിക്കാതെ കിടക്കുന്ന വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ വസ്തുക്കളാണ് തട്ടിയെടുത്തത്. ചിറയിൻകീഴിൽ മാത്രം 300 ഭൂമി തട്ടിപ്പുകൾ നടന്നെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വർക്കലയിൽ നൂറിനടുത്ത് കേസുകളുണ്ട്. അതേസമയം തട്ടിപ്പിനെതിരെ നടപടിയെടുത്ത ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. പകരം വന്നവർക്ക് ഇതേക്കുറിച്ച് അറിയണമെന്നില്ല.
വലിയ ഭൂമി തട്ടിപ്പാകാൻ സാദ്ധ്യതയുള്ള അന്വേഷണം പൊലീസ് വിജിലൻസിന് കൈമാറണമെന്ന അഭിപ്രായവും ചില റവന്യു ഉദ്യോഗസ്ഥർക്കുണ്ട്. റവന്യു വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും. മറ്റ് ജില്ലകളിലും സമാന തട്ടിപ്പുണ്ടെന്ന് അധികൃതർക്ക് റഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
നിയമം ദുരുപയോഗം ചെയ്തു
അന്യകൈവശം (അഡ്വേഴ്സ് പൊസഷൻ) നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. 12 വർഷത്തിൽ കൂടുതൽ ഒരു വ്യക്തി കൈവശം വച്ചിട്ടുള്ള ഭൂമിക്ക് നികുതി അടയ്ക്കാൻ തണ്ടപ്പേർ അവകാശം നൽകാമെന്ന് 1966ലെ പോക്കുവരവ് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. തഹസീൽദാരുടെ ഈ അനുമതി ഉപയോഗിച്ചാണ് വ്യാജ ആധാരം ചമച്ച് ഭൂമി തട്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |