തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന ആവശ്യവുമായി കെസിബിസി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്നും ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്നും കെസിബിസി ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ വഖഫ് നിയമ ഭേദഗതി ബില്‍ പാസാവണമെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ വഖഫ് ബില്‍ സഭയില്‍ പാസാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയ സാഹചര്യത്തിലാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഇടത് വലത് എംപിമാര്‍ വഖഫ് ബില്ലിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ്ജ് മുനമ്പം സമരപന്തലിലെത്തി ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.
കോണ്‍ഗ്രസ് മുനമ്പം സമരക്കാര്‍ക്കൊപ്പമാണെന്ന് പറയുമ്പോഴും പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ നടപ്പ് സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച സഭയില്‍ പറഞ്ഞിരുന്നു. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് അനുസൃതമായാണ് തന്റെ സര്‍ക്കാര്‍ വഖഫ് ബില്‍ കൊണ്ടുവന്നത്. പുതിയ ബില്ലില്‍ തര്‍ക്ക വിഷയങ്ങള്‍ മാത്രം പരിഗണിക്കാന്‍ കോടതിക്ക് അവകാശമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |