
തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനം ആറ് വയസാകുന്നതോടെ മാറ്റം വരുന്ന പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ മികവ് കൂട്ടാൻ
എസ്.സി.ഇ.ആർ.ടി തയാറെടുപ്പുകൾ ആരംഭിച്ചു. പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വർഷമാക്കി പുതിയ ഏകീകൃത പാഠ്യപദ്ധതിക്ക് രൂപം നൽകും.
എൻ.സി.ഇ.ആർ.ടി ദേശീയതലത്തിൽ പ്രസിദ്ധീകരിച്ച അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കരിക്കുലം ഫ്രെയിംവർക്കും കേരളത്തിന്റെ പാഠ്യപദ്ധതിയും വനിതാ ശിശുവികസന വകുപ്പ് അംഗനവാടികൾക്കായി തയാറാക്കിയ നിർദ്ദേശങ്ങളും
പരിഗണിച്ചുകൊണ്ടായിരിക്കും പുതിയ പ്രീപ്രൈമറി പാഠ്യപദ്ധതി. മൂന്ന് വയസു മുതൽ അഞ്ച് വയസുവരെയുള്ള കേരളത്തിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ഇത്.
കുട്ടികളുടെ വികാസമേഖലകളെ അടിസ്ഥാനമാക്കി തയാറാക്കുന്ന പാഠ്യപദ്ധതി ജീവിതത്തിൽ കുഞ്ഞുങ്ങൾ ആർജ്ജിക്കേണ്ട കഴിവുകൾ, പഠനശീലങ്ങൾ, ഭാഷാപരവും സർഗാത്മകവുമായ കഴിവുകൾ എന്നിവയ്ക്ക് ഊന്നൽ നൽകും.
2013 ൽ രൂപപ്പെടുത്തിയ പാഠ്യപദ്ധതി അനുസരിച്ചാണ് ഇപ്പോൾ സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസം.
ഒന്നാംക്ളാസ് പ്രവേശനം ആറ് വയസാകുന്ന 2026 - 27 വർഷം മുതലാണ് പ്രീപ്രൈമറി വിദ്യാഭ്യാസവും മൂന്ന് വർഷത്തിലേക്ക് മാറുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |