കോട്ടയം : കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂരിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. മലയോരമേഖലയായ പ്രദേശത്തെ കാർഷികവിളകൾ ഉൾപ്പെടെ നശിപ്പിക്കുന്നത് പതിവായതോടെയാണ് പഞ്ചായത്ത് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. കപ്പ, വാഴ എന്നിവയ്ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇതേതുടർന്ന് കർഷകർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലായിരുന്നു. കൂടാതെ വാഹനയാത്രക്കാർക്ക് നേരെയും കാട്ടുപന്നി ആക്രമണ ശ്രമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ ഭീതിയോടെയായിരുന്നു ഇതുവഴിയുള്ള യാത്ര. പഞ്ചായത്തിലെ ഒന്ന്, രണ്ട് , പതിനേഴ് വാർഡുകളിലായിരുന്നു കാട്ടുപന്നി ശല്യം രൂക്ഷം. ഇന്നലെ രാവിലെ രണ്ടാം വാർഡിലെ പാടത്താനി ഭാഗത്തുള്ള കൈത്തോട്ടിലാണ് സമീപവാസികൾ പന്നിയെ കണ്ടത്. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, അംഗങ്ങളായ സന്ധ്യാ ജി.നായർ, അനിൽ കൂരോപ്പട തുടങ്ങിയവർ സ്ഥലലത്തെത്തി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വെടിവച്ച് കൊല്ലാൻ പ്രസിഡന്റ് ഉത്തരവിട്ടു. ഫോറസ്റ്റ് വകുപ്പിന്റെ അംഗീകാരമുള്ള ഷൂട്ടർ സജോ വർഗീസ് എരുമേലിയിൽ നിന്ന് എത്തി പന്നിയെ വെടിവയ്ക്കുകയായിരുന്നു.
ബുള്ളറ്റ് പ്രൂഫായി നിബന്ധനകൾ
പന്നികൾ വെടിവയ്ക്കാൻ അനുമതി ലഭിച്ചാലും കടമ്പകളേറെയാണ്. ലൈസൻസുള്ള തോക്കുടമയെ കണ്ടെത്തണം. മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല. പന്നി വനത്തിലേക്ക് രക്ഷപ്പെട്ടാൽ പിന്തുടർന്ന് വെടിവയ്ക്കരുത്. വെടിയേറ്റ് ചത്താൽ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്, പകരം വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം കുഴിച്ചുമൂടണം എന്നിങ്ങനെയാണ് വ്യവസ്ഥകൾ. കാട്ടുമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് തുച്ഛമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്. നാശനഷ്ടം ലഭിക്കണമെങ്കിൽ നൂലാമാലകൾ വേറെയും. ഇതുമൂലം കർഷകരിൽ ഭൂരിഭാഗവും നഷ്ടപരിഹാര തുക ലഭിക്കുന്നതിൽ നിന്ന് പിന്മാറും.
പ്രളയ ശേഷം കൂടി
പൊന്തൻപുഴ, കോരുത്തോട് പ്രദേശങ്ങളിലെ വനാതിർത്തികളിൽ മാത്രമായിരുന്നു കാട്ടുപന്നിയെങ്കിൽ ഇപ്പോൾ പറമ്പുകളിലെല്ലാം പന്നിമയമാണ്. പ്രളയ ശേഷം തോട്ടിലൂടെയും മറ്റും വ്യാപകമായി ഒഴുകിയെത്തിയ പന്നി പെറ്റുപെരുകി. മലയോരത്തെ റബർ കാടുകളിലും പന്നിക്കൂട്ടങ്ങളാണ്.
ജനംസഹികെട്ടു
ലക്ഷം രൂപയുടെ കൃഷി നശിപ്പിച്ചു
മനുഷ്യരേയും ആക്രമിക്കുന്നു
വാഹന യാത്രക്കാർക്ക് പരിക്ക്
''ളാക്കാട്ടൂർ പ്രദേശത്ത് മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം വ്യാപകമാണ്. ജനങ്ങൾ ആശങ്കയിലാണ്.
(സന്ധ്യാ ജി.നായർ പഞ്ചായത്തംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |