കല്ലറ: ആലിൻകാ പഴുക്കുമ്പോൾ കാക്കയുടെ വായിൽ പുണ്ണ് എന്ന അവസ്ഥയാണ് വാഴക്കർഷകരുടെ അവസ്ഥ. വാഴക്കുലയ്ക്ക് വില ഉയർന്നപ്പോൾ കർഷകന് വിളവില്ല. പ്രതികൂല കാലാവസ്ഥയിൽ വാഴക്കൃഷി കൂട്ടത്തോടെ നശിച്ചതിനാൽ വിലക്കയറ്റം പ്രയോജനപ്പെടുത്താനാകാതെ കഷ്ടപ്പെടുകയാണ് കർഷകർ.വേനലിൽ വാഴകൾ വാടി വീണപ്പോൾ ആവശ്യത്തിന് വെള്ളം നൽകി കർഷകർ വാഴയെ സംരക്ഷിക്കുമ്പോഴാണ് വേനൽമഴയും കാറ്റുമെത്തുന്നത്.അവശേഷിക്കുന്ന വാഴ കൂടി ഇതോടെ നശിച്ചു.വിപണിയിൽ നാടൻ ഏത്തക്കുലയ്ക്ക് ക്ഷാമം നേരിടുകയാണ്.കടുത്ത വരൾച്ചയും വരൾച്ചയ്ക്കിടയിലെ വേനൽമഴയും കാറ്റും വാഴക്കൃഷിക്ക് നാശം വിതച്ചു. ഒരു കിലോ നാടൻ പച്ച ഏത്തയ്ക്കയുടെയും പൂവന്റെയും വില 60 രൂപയിലെത്തി.
ഏത്തപ്പഴം 60 രൂപ
ഞാലിപ്പൂവൻ 70 രൂപ
പാളയംകോടൻ 35 മുതൽ 40 രൂപ
മറുനാടൻ വരവുയർന്നു
സ്വാശ്രയ കർഷക വിപണികളിൽ 500 കിലോ വരെ നാടൻ വാഴക്കുല കർഷകർ എത്തിക്കുമായിരുന്നു. ഇപ്പോൾ വിപണിയിൽ ദിവസം 200 കിലോയിൽ താഴെയാണ് എത്തുന്നത്. നാടന് ക്ഷാമം നേരിടുമ്പോൾ മറുനാടന്റെയും വില ഉയർന്നു. ഒരു കിലോ വയനാടൻ ഏത്തപ്പഴത്തിന് 70 രൂപയും തമിഴ്നാട് ഇനത്തിന് 60 രൂപയുമാണ് ചില്ലറ വില്പന വില.വിപണിയിൽ മറുനാടന്റെ വരവും കൂടിയിട്ടുണ്ട്.ഏത്തവാഴ ഒന്നിന് 250 മുതൽ 300 രൂപ വരെ ചെലവഴിച്ചാണ് വിളവെടുപ്പിന് പാകമാക്കുന്നത്. എന്നാൽ വില ഉയരുമ്പോൾ വിളവില്ല.
വേനൽ കഴിഞ്ഞെത്തുന്ന ശക്തമായ മഴ ഓണക്കാല കൃഷിക്കും തിരിച്ചടിയാണ്. ഓണക്കാലത്ത് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ചു വേണം കൃഷി മുന്നോട്ടു കൊണ്ടുപോകാൻ. മറുനാടന്റെ വരവിൽ ഉണ്ടാകുന്ന വിലയിടിവും വലിയ പ്രതിസന്ധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |