ഇലവുംതിട്ട : മലനടയിലെ കെട്ടുകാഴ്ച്ച കണ്ടും ദേവിയെ തൊഴുതും ഭക്തർ നിർവൃതി നേടി. പ്രസിദ്ധമായ കെട്ടുകാഴ്ച്ചയിൽ 21 ഓളം കെട്ടുരുപ്പടികളും ഫ്‌ളോട്ടുകളും അണി നിരന്നു. തിരുസന്ധ്യയിൽ ദേവീ ക്ഷേത്രത്തിൽ നിന്ന് എത്തിയ ജീവിത എഴുന്നള്ളത്ത് വർണശബളമായിരുന്നു. ചെണ്ടമേളം, താലപ്പൊലി, തീവെട്ടി, അമ്മൻകുടം, വേഷം കെട്ടി ആടിയ കലാരൂപങ്ങൾ എന്നിവയെല്ലാം കെട്ടുകാഴ്ചയ്ക്കും ജീവിത എഴുന്നെള്ളത്തിനും മാറ്റുകൂട്ടി. മലനട, നെടിയകാല, കൊട്ടാരം, മുള്ളൻവാതുക്കൽ, വാത്തിപ്പറമ്പ്, ഞാറന്മല, മേലുത്തേമുക്ക്, മലനട കിഴക്ക് ഭാഗങ്ങൾ, മുക്കട മുക്ക്, ചന്ദനക്കുന്ന്, മൂലൂർ, അയത്തിൽ എന്നീ പ്രധാന കരകളിലും പരിസരങ്ങളിലും നിന്നും ചെറുതും വലുതുമായ കുതിരകളും തേരുകളും മറ്റുമാണ് കെട്ടുകാഴ്ച്ചയിൽ പങ്കെടുത്തത്. ഇന്നലെ രാവിലെ ചെണ്ടമേളത്തോടെയാണ് മൂന്നാംനാളിലെ ഉത്സവം തുടങ്ങിയത്. ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്ന് എത്തിയ ജീവത എഴുന്നെള്ളത്തിനൊപ്പം ഓട്ടൻതുള്ളലും ശീതങ്കൻ തുള്ളലും തുടർന്ന് പായസസദ്യയും നടന്നു. തുടർന്ന് ജീവിത തിരിച്ചെഴുന്നള്ളത്തും ആകാശ ദീപക്കാഴ്ച്ചയും നടന്നു. കെട്ടുകാഴ്ച്ചയിൽ പങ്കെടുത്ത ഇനങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |