തഴവ: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിലായി. തഴവ കുതിരപ്പന്തി അമ്പലശേരിൽ സോനുവിനെയാണ് (35) ഇന്നലെ ഉച്ചയോടെ വള്ളികുന്നം വാളച്ചാലിലുള്ള ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്. ഓച്ചിറ സി.ഐ സുജാതൻ പിള്ള അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാളെ കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, എസ്.എച്ച്.ഒ വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. പ്യാരി, മൈന ഹരി, കുക്കു എന്ന മനു, രായപ്പൻ എന്ന രാജീവ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. എല്ലാവരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നിഗമനം.
സോനുവാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ തോട്ടയെറിഞ്ഞതെന്നാണ് വിവരം. പ്രധാന പ്രതിയെന്ന് കരുതുന്ന അലുവ അതുൽ ഭാര്യയും കുട്ടിക്കുമൊപ്പം യാത്ര ചെയ്യവേ എറണാകുളത്ത് വച്ച് പൊലീസിന്റെ വലയിലായിരുന്നു. എന്നാൽ പരിശോധന കണ്ടതോടെ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ആലുവ കേന്ദ്രീകരിച്ച് ഇയാൾക്കായി അന്വേഷണം ശക്തമാക്കി. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് രണ്ടരയോടെയാണ് കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക്, കാട്ടിശേരി കിഴക്കതിൽ സന്തോഷിനെ (45) ആറംഗ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
കൂടാതെ വവ്വാക്കാവിൽ വച്ച് അനീർ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമവും നടത്തി. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അലുവ അതുലിന്റെ വീട്ടിൽ
നിന്ന് എയർ പിസ്റ്റൽ
പ്രധാന പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് അന്വേഷണ സംഘം എയർ പിസ്റ്റൽ കണ്ടെത്തി. കഴിഞ്ഞ 30ന് രാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. എയർ പിസ്റ്റൽ കൂടാതെ ഡിജിറ്റൽ ത്രാസ്, മഴു (പ്രത്യേക തരത്തിലുള്ള കൈക്കോടാലി) എന്നിവയും കണ്ടെടുത്തു. ആയുധങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സന്തോഷിന്റെ കൊലപാതകവുമായി കണ്ടെടുത്ത ആയുധങ്ങൾക്ക് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |