ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കൻ നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് ചൊവ്വാഴ്ച ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം. 1980കളുടെ തുടക്കത്തിൽ നാടക രംഗത്ത് നിന്ന് സിനിമയിലെത്തിയ കിൽമർ ബാറ്റ്മാൻ ഫോറെവർ (1995), ടോപ് ഗൺ (1986), വില്ലോ (1988) തുടങ്ങിയ സിനിമകളിലൂടെ ആരാധകരെ സൃഷ്ടിച്ചു. 'ദ ഡോർസ് " (1991) എന്ന ചിത്രത്തിൽ ഗായകൻ ജിം മോറിസണിന്റെ വേഷം അവതരിപ്പിച്ചു. അൽ പച്ചീനോ, റോബർട്ട് ഡീ നീറോ എന്നിവർക്കൊപ്പം അഭിനയിച്ച ഹീറ്റ് (1995) എന്ന ചിത്രവും ശ്രദ്ധനേടി. 1959 ഡിസംബർ 31ന് ലോസ് ആഞ്ചലസിലാണ് കിൽമറിന്റെ ജനനം. ഹൈസ്‌കൂൾ പഠന കാലത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. 2015ൽ കിൽമറിന് തൊണ്ടയിൽ ക്യാൻസർ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ അദ്ദേഹത്തിന്റെ വോക്കൽ കോർഡുകൾക്ക് തകരാറ് സംഭവിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ ശബ്ദം പരുക്കനായി മാറി. സംസാരിക്കാൻ കടുത്ത ബുദ്ധിമുട്ടും തുടർച്ചയായി ആരോഗ്യ പ്രശ്നങ്ങളും നേരിട്ടു. 2020ൽ 'ഐ ആം യുവർ ഹക്ക്‌ൾബെറി" എന്ന ഓർമ്മക്കുറിപ്പ് അദ്ദേഹം പുറത്തിറക്കി. കിൽമറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'വാൽ " എന്ന ഡോക്യുമെന്ററി 2021ലെ കാൻ ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ടോമ്പ്സ്റ്റോൺ, ട്രൂ റൊമാൻസ്, ദ ഗോസ്റ്റ് ആൻഡ് ദ ഡാർക്ക്നെസ്, ദ സെന്റ്, ദ പ്രിൻസ് ഒഫ് ഈജിപ്റ്റ്, അലക്സാണ്ടർ, ദ സ്നോമാൻ, കിൽ മീ എഗെയ്ൻ, ദ ഐലൻഡ് ഒഫ് ഡോക്ടർ മോറോ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. ടോം ക്രൂസിനൊപ്പം 'ടോപ് ഗൺ: മാവെറികി"ലാണ് (2022) കിൽമർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഏതാനും ടെലിവിഷൻ സീരീസുകളിലും കിൽമർ അഭിനയിച്ചു. നടി ജോവാൻ വാലിയായിരുന്നു കിൽമറിന്റെ ഭാര്യ. ഇരുവരും 1996ൽ വേർപിരിഞ്ഞു. മേഴ്സിഡസ്, നടൻ ജാക്ക് കിൽമർ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |