ന്യൂയോർക്ക്: കുപ്രസിദ്ധ സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ നിഷേധിച്ച് പ്രതിനിധികൾ. നിത്യാനന്ദ സുരക്ഷിതനാണെന്നും ആരോഗ്യവാനാണെന്നും നിത്യാനന്ദ സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്ന സാങ്കല്പിക രാജ്യമായ 'കൈലാസ "യുടെ പ്രതിനിധികൾ പ്രസ്താവനയിലൂടെ അറിയിച്ചു. നിത്യാനന്ദ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4.30ന് ലൈവ് സ്ട്രീമിംഗിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി. പരിപാടിയുടെ ലിങ്ക് ഇന്നലെ സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. നിത്യാനന്ദ ജീവത്യാഗം ചെയ്‌തെന്ന് സഹോദരീപുത്രനും അനുയായിയുമായ സുന്ദരേശ്വർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
തമിഴ്‌നാട് സ്വദേശിയായ നിത്യാനന്ദയുടെ യഥാർത്ഥ പേര് രാജശേഖരൻ എന്നാണ്. 2010ൽ പീഡനക്കേസിൽ കർണാടകയിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് അനുയായികൾ ഗുജറാത്ത് പൊലീസിന്റെ പിടിയിലായതിന് പിന്നാലെ 2018ൽ ഇന്ത്യ വിട്ട നിത്യാനന്ദ കൈലാസ എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ച് വാർത്തകളിൽ ഇടംനേടി.
നിത്യാനന്ദയുടെ പേരിൽ ഇന്റർപോളിന്റെ തെരച്ചിൽ നോട്ടീസുണ്ട്. ഇക്വഡോർ തീരത്താണ് ഇയാളുടെ കൈലാസ എന്ന ദ്വീപുള്ളതെന്ന് പറയപ്പെടുന്നു. കൈലാസയെ ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ല. ഇയാൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മുമ്പ് അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |