ലക്നൗ : പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പ്രിയാംശ് ആര്യയെ പുറത്താക്കിയശേഷം നോട്ട്ബുക്കിൽ കുറിച്ചിടുന്ന സ്റ്റൈലിൽ ആഘോഷപ്രകടനം നടത്തിയ ലക്നൗ ബൗളർ ദിഗ്‌വേഷ് രതിക്ക് പിഴ. ഡൽഹി ടീമിൽ ദഗ്‌വേഷിന്റെ സഹതാരമാണ് പ്രിയാംശ്. ഔട്ടായി മടങ്ങിയ പ്രിയാംശിനൊപ്പം നടന്നാണ് സാങ്കൽപ്പിക നോട്ട്ബുക്കിൽ ദിഗ്‌വേഷ് എഴുതിയത്. അപ്പോൾത്തന്നെ അമ്പയർ ഇടപെട്ട് ദിഗ്‌വേഷിന് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ബി.സി.സി.ഐ ദിഗ്‌വേഷിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. കമന്ററിയിൽ സുനിൽ ഗാവസ്‌കറും ദിഗ്‌വേഷിനെ വിമർശിച്ചു.
മത്സരത്തിൽ എട്ട് വിക്കറ്റിന് ലക്‌നൗവിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ദിഗ്‌വേഷിനെ പരിഹസിച്ച് പഞ്ചാബ് കിംഗ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. ദിഗ്‌വേഷ് നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തുന്ന ചിത്രം പങ്കുവെച്ച് അതിന് താഴെ 'പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റിന് വിജയിച്ചു' എന്ന് നോട്ട്ബുക്കിലെഴുതിയ ചിത്രമാണ് പഞ്ചാബ് പോസ്റ്റ് ചെയ്തത്. മത്സരത്തില്‍ നാലോവറിൽ 30 റൺസ് വഴങ്ങി ദിഗ്‌വേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നോട്ട്ബുക്ക് സെലിബ്രേഷൻ
2017 ജൂലൈയിൽ ജമൈക്കയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കൊഹ്‌ലിയെ പുറത്താക്കിയപ്പോൾ വിൻഡീസ് ബൗളർ വില്യംസ് വിക്കറ്റ് ആഘോഷിച്ചത് സാങ്കൽപിക നോട്ട് ബുക്കിൽ ആ വിക്കറ്റ് കുറിച്ചിടുന്ന രീതിയിലാണ്. രണ്ട് വർഷത്തിനുശേഷം ഹൈദരാബാദിൽ നടന്ന മത്സരത്തിൽ വില്ല്യംസിനെ തുടർച്ചയായി ബൗണ്ടറിപായിച്ചശേഷം വിരാട് അത് നോട്ട്ബുക്കിൽ കുറിച്ചിട്ട് കാറ്റിൽ പറത്തിക്കാണിച്ച് കണക്കുവീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |