മധുര: പാർട്ടി കോൺഗ്രസിൽ പ്രതിനിധികൾക്കും നേതാക്കൾക്കുമായി സജ്ജമാക്കിയത് സമൃദ്ധമായ വിഭവങ്ങൾ. തമിഴ്നാടൻ സ്പർശമുള്ളവയായിരുന്നു പ്രധാന ഇനങ്ങൾ. കേരളത്തിന്റെ പ്രിയ വിഭവങ്ങളും തീൻമേശയിൽ നിരന്നു. ബുഫേ സമ്പ്രദായത്തിലായിരുന്നു ഭക്ഷണം വിളമ്പിയത്. പ്രതിനിധി സമ്മേളനം നടക്കുന്ന, കോടിയേരി ബാലകൃഷ്ണന്റെ പേരിലുള്ള പ്രധാന വേദിയോട് ചേർന്നാണ് ഭക്ഷണശാലയും ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ പൂരി മസാല, ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ്, പുട്ട് തുടങ്ങിയ വിഭവങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കി. അവിൽ, ശർക്കര, കശു അണ്ടിപ്പരിപ്പ് തുടങ്ങിയവ ചേർത്തുള്ള മധുര സ്പെഷ്യൽ മധുരപലഹാരവും ഒരുക്കിയിരുന്നു. കത്തിയെരിയുന്ന ചൂടാണ് മധുരയിൽ. കൊടുംചൂടിൽ ആശ്വാസമെന്നോണമാണ് സംഘാടകർ ഇടവേളയിലെ ലഘുഭക്ഷണം തയ്യാറാക്കിയത്. കേരളീയർക്ക് പ്രിയപ്പെട്ട ഇളനീർ, ചക്കപ്പഴം, പനനൊങ്ക് എന്നിവയാണ് മിക്ക പ്രതിനിധികളും തിരഞ്ഞെടുത്തത്. പ്രത്യേക ചായതട്ടും സജ്ജമാക്കിയിരുന്നു. ഹാളിനുപുറത്ത് സജ്ജമാക്കിയ കുപ്പിവെള്ളം, പ്രതിനിധികൾക്കും പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങ് കാണാനെത്തിയവർക്കും ദാഹശമനത്തിന് സഹായകമായി.
ഒരു മണിയോടെയാണ് ഉച്ചഭക്ഷണം തുടങ്ങിയത്. ചിക്കൻബിരിയാണി, മട്ടൺബിരിയാണി, വെജിറ്റബിൾ ബിരിയാണ് എന്നിവയായിരുന്നു പ്രധാന വിഭവങ്ങൾ. തുടക്ക ദിവസമായതിനാൽ പ്രതിനിധികൾ അല്ലാത്തവർക്കും ഭക്ഷണത്തിന് പ്രവേശനമുണ്ടായിരുന്നു. തിരക്കായതിനാൽ പ്രതിനിധികൾക്ക് അൽപ്പസമയം ക്യൂ നിൽക്കേണ്ടി വന്നു. കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കായി വേദിക്ക് പിന്നിലായി പ്രത്യേകസംവിധാനം ഏർപ്പെടുത്തിയിരുന്നു. വെള്ള അരിച്ചോറ്, രണ്ട് തരം മീൻകറി, സാമ്പാറുൾപ്പെടെയുള്ള മറ്റ് കറികൾ, ഒന്നാംതരം അരിപ്പായസം എന്നിവയുമുണ്ടായിരുന്നു. തമിഴ്നാടിന്റെ പ്രത്യേക സ്വാദിഷ്ട വിഭവമായ തൈര് സാദമായിരുന്നു മറ്റൊരു പ്രത്യേകത. കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ തൈര് സാദമാണ് ആസ്വദിച്ചത്. ഉച്ചഭക്ഷണം കിഴിഞ്ഞിറങ്ങുമ്പോൾ പ്രത്യേക ചെല്ലത്തിൽ വച്ചിരുന്ന വെറ്റിലയും സ്വീറ്റ് മീഠയും മുറുക്ക് ശീലമുള്ള സഖാക്കൾക്ക് വലിയ സന്തോഷം പകരുന്നതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |