കോട്ടയം : മലനാടൻ ഗ്രാമമായ തലനാടുകാരുടെ സ്വന്തം സുഗന്ധവിളയായ ഗ്രാമ്പുവിന് ഭൗമസൂചിക പദവി ലഭിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡേറും. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാട് ഗ്രാമ്പു ഉത്പാദക സംസ്‌കരണ വ്യാവസായിക സഹകരണ സംഘം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ കൂട്ടായ ശ്രമഫലമാണ് അംഗീകാരത്തിനിടയാക്കിയത്. 2020ലാണ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയ്ക്ക് പ്രോജക്ട് സമർപ്പിച്ചത്. ഗ്രാമ്പു ഉണങ്ങിയെടുക്കുന്നതിനുള്ള ഡ്രൈയർ ലഭിക്കുന്നതിന് അന്നത്തെ കാർഷിക മന്ത്രി സുനിൽകുമാറിനെ സമീപിച്ചിരുന്നു. ഭൗമപദവി ലഭിക്കുന്നതിനായി അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി കോ-ഓർഡിനേറ്റർ എൽസി മാത്യു നേതൃത്വം നൽകി. ശാസ്ത്രീയ പരീക്ഷണങ്ങൾ യൂണിവേഴ്‌സിറ്റി തലത്തിൽ നടത്തി ഏറ്റവും ഗുണനിലവാരമുള്ളതാണെന്ന് കണ്ടെത്തി. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോട്, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം തിടനാട് മൂന്നിലവ് ഈരാറ്റുപേട്ട എന്നീ പഞ്ചായത്തുകളിലാണ് കൃഷി കൂടുതൽ.
വലുപ്പം കൂടുതൽ, മണവും
തലനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇവിടുത്തെ ഗ്രാമ്പുവിന് ചില സവിശേഷ ഗുണങ്ങൾ സമ്മാനിക്കുന്നു.
സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരത്തിലാണ് തലനാട്. ചൂടു കുറവുള്ള പ്രദേശം. എന്നാൽ, തണുപ്പ് ഏറുകയുമില്ല. ഗ്രാമ്പു തഴച്ചുവളരാനും മൊട്ടിടാനുമുള്ള ഏറ്റവും നല്ല കാലാവസ്ഥ. ഈ ഭൂപ്രകൃതി മൂലം മറ്റു ഗ്രാമ്പുവിനങ്ങളേക്കാൾ വലുപ്പം തലനാടൻ ഗ്രാമ്പുവിനുണ്ട്. മാത്രമല്ല എണ്ണയുടെ അംശവും മണവും കൂടുതലുമാണ്. ടൂത്ത് പേസ്റ്റ്, ആയുർവേദ മരുന്ന് നിർമ്മാണം, മസാല തുടങ്ങിയവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഡിസംബർ, ജനുവരിയാണ് വിളവെടുപ്പ് കാലം.
കൃഷി ഇങ്ങനെ
3000 അടി ചെരിഞ്ഞ പ്രതലത്തിലാണ് കൃഷി. 4,5 മാസം പ്രായമായ തൈകളാണ് നടുന്നത്. ഗ്രാമ്പു മൊട്ടാണ് ആവശ്യം. മൊട്ടുകളുടെ പച്ചനിറം മാറി ഇളം പിങ്കുനിറമാകുമ്പോഴാണ് വിളവെടുപ്പ്. വിരിഞ്ഞ പൂക്കൾക്ക് വില കുറയും. പറിച്ചെടുത്ത പച്ച ഗ്രാമ്പു മൊട്ടുകൾ കൈകൊണ്ടുതന്നെ ഞെട്ട് വേർപെടുത്തി 45 ദിവസം വെയിലത്തുണങ്ങും.
കയറ്റുമതി ഡിമാൻഡ് വർദ്ധിക്കും. കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാം. ഓയിൽ കണ്ടന്റ് കൂടുതലുള്ളതിനാൽ, ടൂത്ത് പേസ്റ്റ്, മെഡിസിൻ, മസാല എന്നിവയുണ്ടാക്കാം.
(പി.എസ് ബാബു മുൻപഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |