കോൺഗ്രസ് നിലപാടിൽ ലീഗിന് അതൃപ്തി
ന്യൂഡൽഹി: ഭരണ - പ്രതിപക്ഷ വാക്പോരിനും ബഹളത്തിനുമിടെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസാക്കി കേന്ദ്രം. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാവും.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. മുനമ്പം വിഷയം ഇന്നലെയും പരാമർശിച്ചു. കേരളത്തിലെ എം.പിമാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് ആവർത്തിച്ചു. രാജ്യത്തെ ശക്തമാക്കുന്നതാണ് ബില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.
അതേസമയം, ലോക്‌സഭയിലെ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാത്തതിലും, പ്രിയങ്കാ ഗാന്ധി എത്താതിരുന്നതിലും മുസ്ലിം ലീഗിന് അതൃപ്‌തിയെന്ന് സൂചന. വയനാട് നിന്ന് മികച്ച ഭൂരിപക്ഷം പ്രിയങ്ക നേടിയത് നിർണായക ന്യൂനപക്ഷ വോട്ടുകൾ കൂടി നേടിയാണ്. മുസ്ലിം സമുദായത്തിന്റെ വികാരം ഇരുവരും ലോക്‌സഭയിൽ ശക്തമായി ഉന്നയിക്കണമായിരുന്നെന്ന വികാരം ലീഗ് നേതാക്കൾക്കുണ്ട്.
ഇത് ഉൾക്കൊണ്ടെന്നോണം, കോൺഗ്രസ് നേതാക്കളായ ഖാർഗെയും സോണിയാ ഗാന്ധിയും ഇന്നലെ രാജ്യസഭയിൽ ബില്ലിനെതിരെ ആഞ്ഞടിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമെന്ന് ഖാർഗെ പറഞ്ഞു. സമുദായ ധ്രൂവീകരണമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് സോണിയ ആരോപിച്ചു.
ബിൽ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര, ഫെഡറൽ സ്വഭാവങ്ങളെ തകർക്കുന്നതുമാണ്
- അഡ്വ. ഹാരിസ് ബീരാൻ, മുസ്ലിം ലീഗ്
സുപ്രധാന മാറ്റങ്ങൾ
1. ഏതു ഭൂമിയും വഖഫായി പ്രഖ്യാപിക്കാൻ കഴിയില്ല
2. വഖഫ് ബോർഡിന്റെയും ട്രൈബ്യൂണലിന്റെയും തീരുമാനം അന്തിമമല്ല
3. 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ വ്യവസ്ഥ
4. ചരിത്ര സ്‌മാരകങ്ങളെ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ റദ്ദാകും
5. പട്ടികവർഗത്തിന്റെ ഭൂമി വഖഫായി പ്രഖ്യാപിക്കുന്നതിന് സമ്പൂർണ വിലക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |