കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 80 റൺസിന് ഹൈദരാബാദിനെ തോൽപ്പിച്ചു
കൊൽക്കത്തനൈറ്റ് റൈഡേഴ്സ് 200/6, സൺറൈസേഴ്സ് ഹൈദരാബാദ് 120
വെങ്കടേഷ് അയ്യർക്കും (60), ആൻഗ്രിഷ് രഘുവംശിക്കും (50) അർദ്ധ സെഞ്ച്വറി
വെങ്കടേഷ് 29 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്സും
ആൻഗ്രിഷ് 32 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സും
കൊൽക്കത്ത : ഈഡൻ ഗാർഡൻസിൽ ഇന്നലെ നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐ.പി.എൽ മത്സരത്തിൽ 80 റൺസിന്റെ വമ്പൻ വിജയം നേടി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് 200 റൺസ് ഉയർത്തിയ ശേഷം ഹൈദരാബാദിനെ 16.4 ഓവറിൽ 120 റൺസിൽ ആൾഔട്ടാക്കുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ വെങ്കടേഷ് അയ്യരും (60), ആൻഗ്രിഷ് രഘുവംശിയും (50),38 റൺസെടുത്ത അജിങ്ക്യ രഹാനെയും 32 റൺസെടുത്ത റിങ്കു സിംഗും ചേർന്നാണ് നിലവിലെ ചാമ്പ്യന്മാരെ മികച്ച സ്കോറിലേക്ക് ഉയർത്തിയത്. മൂന്നുവിക്കറ്റ് വീതം വീഴ്ത്തി പേസർ വൈഭവ് അറോറയും സ്പിന്നർ വരുൺ ചക്രവർത്തിയും ബൗളിംഗിൽ കൊൽക്കത്തയ്ക്ക് കരുത്തായി. റസലിന് രണ്ട് വിക്കറ്റ് ലഭിച്ചു. നരെയ്നും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതം നേടി.
ട്രാവിസ് ഹെഡ് (4), അഭിഷേക് ശർമ്മ (2), ഇഷാൻ കിഷൻ (2) എന്നിവരെ 9 റൺസിനിടെ നഷ്ടമായതോടെ തന്നെ ഹൈദരാബാദ് ചേസിംഗിന്റെ വിധി വ്യക്തമായിരുന്നു. നിതീഷ് കുമാർ റെഡ്ഡി(19), കാമിന്ദു മെൻഡിസ് (27), ഹെൻറിച്ച് ക്ളാസൻ (33), പാറ്റ് കമ്മിൻസ് (14) എന്നിവർ മാത്രമാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കടന്നത്.
നേരത്തേ 2.3-ാം ഓവറിൽ ഓപ്പണർമാരായ ക്വിന്റൺ ഡികോക്കിനെയും (1),സുനിൽ നരെയ്നെയും (7) നഷ്ടമായി 16/2 എന്ന നിലയിലായ കൊൽക്കത്തയെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച രഹാനെയും ആംഗ്രിഷും കൂടി കരകയറ്റുകയായിരുന്നു.കമ്മിൻസാണ് ഡികോക്കിനെ പുറത്താക്കിയത്. ഷമിക്കായിരുന്നു നരെയ്ന്റെ വിക്കറ്റ്. 11 ഓവറിൽ 97 റൺസിൽ എത്തിച്ചശേഷമാണ് രഹാനെ മടങ്ങിയത്.27 പന്തുകൾ നേരിട്ട കൊൽക്കത്ത ക്യാപ്ടൻ ഒരു ഫോറും നാലു സിക്സും പറത്തിയിരുന്നു. 106ൽ വച്ച് ആംഗ്രിഷും മടങ്ങിയെങ്കിലും വെങ്കടേഷും റിങ്കുവും തകർത്താടിയതോടെ ടീം സ്കോർ കുതിച്ചുയർന്നു. അവസാന ഓവറലാണ് വെങ്കടേഷും റസലും (1) പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |