ബാങ്കോക്ക്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി ഇന്ത്യയും തായ്‌ലൻഡും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും തായ് പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്രയുടെയും സാന്നിദ്ധ്യത്തിൽ ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തിന്റെ കൈമാറ്റം ഇന്നലെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്നു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചു.
ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ ബാങ്കോക്കിലെത്തിയ മോദിയ്ക്ക് തായ് ഉപപ്രധാനമന്ത്രി സൂര്യ ജങ്ങ്റുൻഗ്രിയാങ്ങ്കിറ്റിന്റെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് ഒരുക്കിയത്. നൂറുകണക്കിന് ഇന്ത്യൻ വംശജരും സ്വീകരിക്കാൻ എത്തിയിരുന്നു. തായ് രാമായണ അവതരണവും അദ്ദേഹം വീക്ഷിച്ചു. 12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി തായ്‌ലൻഡിൽ എത്തുന്നത്. പേതോംഗ്‌താൻ ഷിനവത്രയുമായുള്ള കൂടിക്കാഴ്ചയിൽ തായ്‌ലൻഡ് - മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി. ഉച്ചകോടിയുടെ ഭാഗമായി രാമായണത്തിന്റെ മ്യൂറൽ പെയിന്റിംഗുകൾ ആസ്പദമാക്കിയുള്ള പ്രത്യേക സ്റ്റാമ്പ് തായ്‌ലൻഡ് പുറത്തിറക്കി. മുൻ പ്രധാനമന്ത്രിയും പേതോംഗ്‌താനിന്റെ പിതാവുമായ തക്‌സിൻ ഷിനവത്രയുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്നാണ് ബിംസ്റ്റെക് ഉച്ചകോടി.
തായ് രാജാവ് മഹാ വജിറലോംഗ്കോണുമായും മോദി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ശേഷം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മോദി ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ക്ഷണപ്രകാരമാണ് സന്ദർശനം.
# ഇന്ത്യ-തായ്‌ലൻഡ് ഹൈവേ
വടക്കു കിഴക്കൻ ഇന്ത്യയേയും വടക്കൻ തായ്‌ലൻഡിനെയും മ്യാൻമർ വഴി ബന്ധിപ്പിക്കുന്ന 1,300 കിലോമീറ്റർ ഹൈവേ പദ്ധതി വേഗത്തിലാക്കാൻ ധാരണ
ദക്ഷിണേഷ്യയും തെക്കു കിഴക്കൻ ഏഷ്യയും തമ്മിലെ കണക്‌റ്റിവിറ്റി പ്രോത്സാഹിപ്പിക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ചുനിൽക്കും
കൈത്തറി, കരകൗശല വസ്തുക്കൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, എം.എസ്.എം.ഇ, സമുദ്റ പൈതൃകം എന്നീ മേഖലകളിലായി അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു
# ബിംസ്റ്റെക് ബാങ്കോക്ക് വിഷൻ 2030
ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്. ഇന്നത്തെ ഉച്ചകോടിയിൽ സാമ്പത്തിക സഹകരണത്തിനും പ്രാദേശിക സുരക്ഷയ്ക്കുമുള്ള ദീർഘകാല ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള 'ബിംസ്റ്റെക് ബാങ്കോക്ക് വിഷൻ 2030" കരാർ അംഗീകരിക്കുമെന്ന് കരുതുന്നു. സമുദ്ര ഗതാഗത സഹകരണത്തിനുള്ള കരാറിലും ഒപ്പിട്ടേക്കും. മ്യാൻമാറിലെ പട്ടാള ഭരണകൂട തലവൻ ജനറൽ മിൻ ഓംഗ് ഹ്ളൈംഗും പങ്കെടുക്കുന്നുണ്ട്. 2021ലെ പട്ടാള അട്ടിമറിക്ക് ശേഷം ഹ്ളൈംഗ് വിദേശത്തേക്ക് നടത്തുന്ന അപൂർവ്വ സന്ദർശനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |