കൊച്ചി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ തുടർന്ന് മുനമ്പത്തെ തർക്കഭൂമിയിലെത്തിയ എൻ.ഡി.എ നേതാക്കൾക്ക് വൻ വരവേൽപ്പ്. മുനമ്പം ഭൂസംരക്ഷണ സമരസമിതി അംഗങ്ങളായ സ്ത്രീകൾ ഉൾപ്പെടെ 50പേർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ദേശീയ കൗൺസിൽ അംഗം പി.കെ.കൃഷ്ണദാസ്, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
പ്രവർത്തകർ താളമേളങ്ങളും മുദ്രാവാക്യങ്ങളുമായി നേതാക്കളെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത്‌ഷാ, കിരൺ റിജിജു എന്നിവരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി. 'താങ്ക്‌യു സർ' എന്നെഴുതിയെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പടമുള്ള പ്ലക്കാർഡുകളുമുയർത്തി. മുനമ്പം പള്ളിക്കു മുന്നിലെ സമരപ്പന്തലിൽ നേതാക്കളെ സമരസമിതി രക്ഷാധികാരി ഫാ.ആന്റണി സേവ്യർ തറയിൽ, കൺവീനർ ജോസഫ് ബെന്നി എന്നിരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റശേഷം രാജീവ് ചന്ദ്രശേഖർ ആദ്യമായാണ് മുനമ്പത്ത് എത്തുന്നത്. ഷോൺ ജോർജ്, സി.കൃഷ്ണകുമാർ, മേജർ രവി, സംഗീത വിശ്വനാഥൻ, ജിജി ജോസഫ്, കെ.എസ്.ഷൈജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ഒപ്പമുണ്ടാകും: രാജീവ് ചന്ദ്രശേഖർ
വഖഫ് പ്രശ്നത്തിൽ മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ റവന്യു അവകാശങ്ങൾ പുന:സ്ഥാപിക്കും വരെ ഒപ്പമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
ബില്ലിലെ വ്യവസ്ഥകൾക്ക് മുൻകാല പ്രാബല്യമില്ല എന്നത് വസ്തുതയല്ല. ഭേദഗതി നിയമം പ്രാബല്യത്തിലാകുന്നതോടെ മുനമ്പത്തെ താമസക്കാർക്കും റവന്യു അവകാശം ലഭിക്കും.
ജനത്തെ നടുക്കിയ വിഷയം: തുഷാർ വെള്ളാപ്പള്ളി
മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങൾ വീണ്ടെടുക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ജനത്തെ നടുക്കിയ വിഷയമാണ് മുനമ്പത്തേത്. എസ്.എൻ.ഡി.പി യോഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചടക്കം നടത്തിയ പോരാട്ടത്തിന് ഫലപ്രാപ്തിയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |