ബാങ്കോക്ക് : ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നീതിപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയ്ക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധത്തെ തകർക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും മോദി യൂനുസിനോട് വ്യക്തമാക്കി. ഷെയ്ഖ് ഹസീന ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ അധികാരത്തിലെത്തിയ യൂനുസുമായി മോദി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്നലത്തേത്. ചർച്ച 40 മിനിറ്റോളം നീണ്ടു.
ഹസീനയുടെ പതനത്തോടെ ബംഗ്ലാദേശും ഇന്ത്യയും തമ്മിലെ ബന്ധം വഷളായിരുന്നു. ജനാധിപത്യപരവും സ്ഥിരതയുള്ളതും സമാധാനപരവുമായ ബംഗ്ലാദേശിനായുള്ള പിന്തുണ മോദി ആവർത്തിച്ചു. ബംഗ്ലാദേശുമായി മികച്ചതും ക്രിയാത്മകവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ബന്ധം ശരിയായ പാതയിലാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് യൂനുസ് പ്രതികരിച്ചു. ഇന്ത്യയിൽ കഴിയുന്ന ഹസീനയെ നാടുകടത്തണമെന്ന ആവശ്യവും യൂനുസ് ഉന്നയിച്ചു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ടതാണെന്നും മേഖലയിൽ സമുദ്റത്തിന്റെ കാവലാൾ തങ്ങളാണെന്നും യൂനുസ് ചൈനയിൽ വച്ച് പറഞ്ഞത് വിവാദമായിരുന്നു.
അവസരം പ്രയോജനപ്പെടുത്തി ബംഗ്ലാദേശിലേക്ക് സമ്പദ്‌വ്യവസ്ഥ വ്യാപിപ്പിക്കാൻ യൂനുസ് ചൈനയെ ക്ഷണിക്കുകയും ചെയ്തിരുന്നു. യൂനുസിന്റെ പരാമർശത്തിനെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടക്കം രംഗത്തെത്തിയിരുന്നു.
# പദ്ധതികളുമായി ഇന്ത്യ
ബിംസ്റ്റെക് ഉച്ചകോടിയിൽ ഇന്ത്യ ആവിഷ്കരിച്ച സംരംഭങ്ങൾ മോദി പ്രഖ്യാപിച്ചു. ദുരന്തനിവാരണം, സമുദ്റ ഗതാഗതം, പരമ്പരാഗത വൈദ്യശാസ്ത്രം, കാർഷിക ഗവേഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കും. ഉച്ചകോടി വിജയകരമായതിൽ ആതിഥേയ രാജ്യമായ തായ്‌ലൻഡിന്റെ പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്രയെ മോദി അഭിനന്ദിച്ചു.
മേഖലയുടെ അഭിവൃദ്ധിക്കായി 'ബിംസ്റ്റെക് ബാങ്കോക്ക് വിഷൻ 2030" കരാർ അംഗീകരിച്ച ബിംസ്റ്റെക് നേതാക്കൾ സമുദ്ര ഗതാഗത സഹകരണ കരാറിലും ഒപ്പിട്ടു. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്.
# ബിംസ്റ്റെക് ഗെയിംസ് ഇന്ത്യയിൽ
ബിംസ്റ്റെക് മേഖലയിലെ പേയ്‌മെന്റ് സംവിധാനങ്ങളും യു.പി.ഐയും തമ്മിൽ കണ്റ്റകിവിറ്റി സ്ഥാപിക്കും
ബഹിരാകാശ മേഖലയിലെ സഹകരണത്തിന് ഗ്രൗണ്ട് സ്റ്റേഷനുകൾ
വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാൻ ബിംസ്റ്റെക് രാജ്യങ്ങളിലെ 300 യുവാക്കൾക്ക് എല്ലാ വർഷവും ഇന്ത്യയിൽ പരിശീലനം
ഫോറസ്ട്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിംസ്റ്റെക് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്. യുവ നയതന്ത്റജ്ഞർക്ക് പരിശീലനം
ക്യാൻസർ പരിചരണത്തിൽ ടാറ്റ മെമ്മോറിയൽ സെന്റർ സഹകരിക്കും
ബിംസ്റ്റെക് യുവ നേതാക്കളുടെ ഉച്ചകോടിയും ബിംസ്റ്റെക് അത്ലറ്റിക്സ് മീറ്റും ഇക്കൊല്ലം
2027ൽ ആദ്യ ബിംസ്റ്റെക് ഗെയിംസിന് ആതിഥേയത്വം വഹിക്കും
# മ്യാൻമറിന് കൂടുതൽ സഹായം
തായ് രാജാവ് മഹാ വജിറലോംഗ്കോൺ, നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മ്യാൻമാറിലെ പട്ടാള ഭരണകൂട തലവൻ ജനറൽ മിൻ ഓംഗ് ഹ്ളൈംഗ് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. മ്യാൻമർ ഭൂകമ്പത്തിന്റെ സ്ഥിതിഗതികൾ ചോദിച്ചു മനസിലാക്കിയ മോദി കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ സഹായങ്ങൾക്ക് ഹ്ളൈംഗ് നന്ദി അറിയിച്ചു. ഉച്ചകോടിക്ക് ശേഷം മോദി ഇന്നലെ രാത്രി ശ്രീലങ്കയിലെത്തി. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. നാളെ ഇന്ത്യയിലേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |