ആലപ്പുഴ : ജില്ലയുടെ അതിർത്തിഗ്രാമങ്ങളിൽ ഗുണ്ടാസംഘങ്ങളും ലഹരിമാഫിയാംഗങ്ങളും തമ്പടിച്ചിട്ടും വേണ്ടത്ര പൊലീസ് പരിശോധന നടക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ കഴിഞ്ഞയാഴ്ച നടന്ന ജിം സന്തോഷ് വധക്കേസിലെ പ്രതികളിൽ നാലുപേരെയും പിടികൂടിയത് മാവേലിക്കര, വള്ളികുന്നം ഭാഗങ്ങളിൽ നിന്നായിരുന്നു.
ജിം സന്തോഷ് വധക്കേസ് പ്രതികളായ ഹരി, പ്യാരി എന്നിവരെ മാവേലിക്കര തഴക്കരയിൽ നിന്നും മുഖ്യപ്രതി രാജപ്പനെന്ന രാജീവിനെ വള്ളികുന്നം കാമ്പിശേരിയിൽ നിന്നും മറ്റൊരുപ്രതി സോനുവിനെ കടുവിനാലിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള ക്വട്ടേഷൻ സംഘങ്ങളും ലഹരിക്കച്ചവടക്കാരും അതിർത്തിഗ്രാമങ്ങളായ വള്ളികുന്നം, താമരക്കുളം, നൂറനാട്, മാവേലിക്കര, കായംകുളം തുടങ്ങിയ സ്ഥലങ്ങളാണ് സുരക്ഷിത താവളങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്.
ബർത്ത് ഡേ ആഘോഷങ്ങളുൾപ്പെടെ ഗുണ്ടകളുടെ കൂടിച്ചേരലുകൾ ജില്ലാതിർത്തി പ്രദേശങ്ങളിൽ പലതവണ നടന്നിരുന്നു. പ്രാദേശിക കുറ്റവാളികളാണ് കൊലപാതകവും അക്രമവുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഒളിയിടങ്ങൾ ഒരുക്കുന്നതിന് പിന്നിൽ.
ലഹരിക്കച്ചവടക്കാരും പിടിമുറുക്കി
ഗുണ്ടകൾക്ക് പുറമേ അയൽജില്ലകളിൽ നിന്നുള്ള ലഹരിക്കച്ചവടക്കാരും ജില്ല താവളമാക്കുന്നുണ്ട്. കഴിഞ്ഞദിവസം രണ്ട് കോടിയിലധികം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായെത്തിയ തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീനയെന്ന തസ്ളീമ സുൽത്താനുൾപ്പെടെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയതും ആലപ്പുഴ നഗരാതിർത്തിയിൽ നിന്നാണ്. മൂന്നുവർഷത്തിലേറെയായി ആലപ്പുഴ കേന്ദ്രീകരിച്ച് ലഹരി മരുന്ന് ഇടപാട് നടത്തിയിട്ടും പൊലീസിന്റെയോ എക്സൈസിന്റെയോ ലിസ്റ്റിൽ ഇല്ലാതിരുന്നവരാണ് പിടിയിലായത്.
ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രത്യേക പൊലീസ് പട്രോളിംഗ് വേണം. അസമയത്ത് യാത്രചെയ്യുന്നവരുടെ വാഹന നമ്പർ എഴുതിയെടുക്കുന്നതിൽ കാര്യമില്ല. അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ശ്രമം വേണം
- ജഗദീഷ്, കായംകുളം
കുറ്റവാളികൾ തമ്പടിക്കാൻ ഇടയുള്ള സ്ഥലങ്ങളും ഇവരുമായി സൗഹൃദമുള്ളവരെയും നിരീക്ഷിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. അതിർത്തികൾ നിരീക്ഷണത്തിലാണ്. ഗുണ്ടകൾക്കെതിരായ നടപടികൾ ശക്തമാക്കും
- എം.പി മോഹനചന്ദ്രൻ, ജില്ലാ പൊലീസ് മേധാവി , ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |