കണ്ണൂർ: വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിവിധങ്ങളായ മേളകളുമായി ടൗൺ സ്ക്വയറും പരിസരപ്രദേശങ്ങളും സജീവമാണ്. വിഷു ആഘോഷങ്ങൾക്കായി സാധനങ്ങൾ വാങ്ങാൻ നെട്ടോട്ടമോടുന്നവർക്ക് ഉപ്പു തൊട്ട് കർപ്പൂരം വരെ ഈ വിപണന മേളകളിൽ ലഭിക്കും. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാന്റ് ലൂം ഡെവലപ്മെന്റ് കമ്മിറ്റി എന്നിവയടെ ആഭിമുഖ്യത്തിൽ ഒരുക്കിയ കൈത്തറി വസ്ത്ര പ്രദർശന വിപണന മേള, കുടുംബശ്രീ ജില്ല മിഷന്റെ വിപണന മേള, എന്റർപ്രൈസ് ഓണേഴ്സ് ഫെഡറേഷന്റെ പ്രദർശന വിപണന മേള എന്നിവയുടെ നൂറോളം സ്റ്റാളുകൾ ഒരുങ്ങിയിട്ടുണ്ട്.
40 സ്റ്റാളുകളിലായി 20 ശതമാനം റിബേറ്റോടെയാണ് കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽ തുണിത്തരങ്ങൾ വിൽക്കുന്നത്. സ്റ്റാളുകളിൽ 32 എണ്ണം കണ്ണൂർ ജില്ലയിൽ നിന്നുള്ളതും ബാക്കി തിരുവനന്തപുരം, തൃശ്ശൂർ എന്നിവടങ്ങളിൽ നിന്നുള്ളതുമാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണെന്ന് വ്യാപാരികൾ പറയുന്നു. കൂത്താമ്പുള്ളി വീവേഴ്സ്, കരിവെള്ളൂർ വീവേഴ്സ്, മയ്യിൽ വീവേഴ്സ് എന്നിങ്ങനെ തുടരുന്നു ഇവിടത്തെ സ്റ്റാളുകൾ. സ്റ്റീളുകളിൽ പലവിലകളാണെങ്കിലും സാധാരണക്കാരന് താങ്ങാവുന്നതാണ്.
നാടൻ മുതൽ മോഡേൺ വരെ
നാടൻ മുതൽ മോഡേൺ വരെയുള്ള തുണിത്തരങ്ങളും ഭക്ഷണവിഭവങ്ങളും കരകൗശല വസ്തുക്കളമാണ് ഇത്തവണ കുടുംബശ്രീ കണ്ണൂരിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും ജില്ലയ്ക്കകത്തും പുറത്തുമുള്ള സംരംഭകരുടെ ഉത്പന്നങ്ങളും എല്ലാം ഇവിടെ അണിനിരത്തിയിട്ടുണ്ട്. ഔഷധ ഗുണമുള്ള അരികളും പച്ചക്കറി വിഭവങ്ങളും നെയ്തെടുത്ത പട്ടു പാവാടകളും നെറ്റിപ്പട്ടങ്ങളും തുടങ്ങി എല്ലാം വിഷുവിനെ വരവേൽക്കാൻ സജ്ജമാണ്. 350 രൂപ മുതൽ തുടങ്ങുന്ന പ്രതിമകളും ശില്പങ്ങളും കരകൗശല വസ്തുക്കളും ഇവിടെയുണ്ട്. ഹെൽത്ത് മിക്സ് ഉത്പന്നങ്ങൾ, ചെറു ധാന്യങ്ങളുടെ വിവിധ തരം ഉത്പന്നങ്ങൾ, മിറാക്കി ബ്രാൻഡഡ് കുർത്തകൾ, കുറ്റ്യാട്ടൂർ മാങ്ങ ഉത്പന്നങ്ങൾ, വ്യത്യസ്തയിനം കളിമൺ ചട്ടികൾ, പ്രതിമകൾ, അലങ്കാര വസ്തുക്കൾ, ചോക്ലേറ്റ് കേക്ക്, ജാമുകൾ, പേൾ ഓർണമെന്റ്സ് എന്നിങ്ങനെ നീളുകയാണ് സ്റ്റാളുകൾ.
കേട്ടറിഞ്ഞും കണ്ടറിഞ്ഞും ജനങ്ങൾ ഇവിടെ എത്തിതുടങ്ങിയിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ കുടുംബ സമേതമാണ് ആളുകൾ എത്തുന്നത്.
ജനങ്ങൾ അറിഞ്ഞ് വന്നു തുടങ്ങുകയാണ്. ഉപഭോക്താക്കൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗും സൗകര്യവുമുണ്ട്.
ഇക്ബാൽ, മാർക്കറ്റിംഗ് അസിസ്റ്റന്റ്, കൈത്തറി വസ്ത്ര പ്രദർശന വിപണന മേള
എല്ലാ വർഷവും വരാറുണ്ട്. വിഷുവിന്റെ ഒരുക്കത്തിലാണ്. മേളകൾ എല്ലാം കാണുകയും ആവശ്യമുള്ള സാധനങ്ങൾ വാങ്ങുകയും ചെയ്യാറുണ്ട്. -സതീദേവി, ചാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |