ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ റാംബില്ലിയിൽ ഇന്ത്യയുടെ ഭൂർഭ നേവൽ ബേസ് അടുത്ത വർഷം കമ്മിഷൻ ചെയ്യും. ആണവ അന്തർവാഹിനികളും ആണവ പോർമുനയുള്ള മിസൈലുകൾ വർഷിക്കുന്ന യുദ്ധക്കപ്പലുകളും രഹസ്യമായി സൂക്ഷിക്കാനുള്ള താവളമാണിത്.
ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവേശിക്കുക തുരങ്കത്തിലൂടെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യത്തിനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ മറുപടിയാണ് റാംബില്ലി താവളം. എന്തു ഭീഷണിയും നേരിടാൻ ഇവിടെ യുദ്ധക്കപ്പലുകൾ സദാ സജ്ജമായിരിക്കും.
വിശാഖപട്ടണത്ത് ഈസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനത്തിന് 50 കിലോമീറ്റർ അകലെയാണ് റാംബില്ലി കടലോര ഗ്രാമം. ആദ്യം ഗംഗാവരത്ത് ബേസ് നിർമ്മിക്കാനാണ് ആലോചിച്ചത്. എന്നാൽ, രഹസ്യ സ്വഭാവം നിലനിറുത്താൻ ആൾപാർപ്പില്ലാത്ത റാംബില്ലിയാണ് ഉത്തമമെന്ന് തീരുമാനിക്കുകയായിരുന്നു.
50 യുദ്ധക്കപ്പലുകളും പന്ത്രണ്ട് അനർവാഹിനികളും ഡോക്ക് ചെയ്യാനുള്ള വിസ്തൃതിയിലാണ് നിർമ്മാണം. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേവൽ ബേസിന് നിർമ്മാണാനുമതി നൽകിയത്. പ്രോജക്ട് വർഷയുടെ ഭാഗമാണിത്. ഹാർബറിന്റെ പണി പൂർത്തിയായി. തുരങ്കങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഭൂഗർഭ താവളമായതിനാൽ ബാഹ്യശക്തികളുടെ വ്യോമ, നാവിക ഭീഷണികളിൽ നിന്ന് യുദ്ധക്കപ്പലുകൾക്ക് സംരക്ഷണം ലഭിക്കും.
കർണാടകയിലെ കാർവാർ നേവൽ ബേസിന്റെ ശേഷിയും അഞ്ചു വർഷത്തിനകം ഇരട്ടിയാക്കും. ഇപ്പോൾ ഇവിടെ 12 യുദ്ധക്കലുകൾ അടുപ്പിക്കാനാണ് സൗകര്യം. ഇത് 32 കപ്പൽ എന്ന തരത്തിലാണ് വികസനം.
മൂന്നാം ആണവ
മുങ്ങിക്കപ്പൽ വരുന്നു
ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന മൂന്നാമത്തെ ആണവ മുങ്ങിക്കപ്പലായ അരിധമാൻ ഈവർഷം അവസാനം കമ്മിഷൻ ചെയ്യും
3,500 കിലോമീറ്റർ റേഞ്ചുള്ള കെ- 4 ആണവ മിസൈലുകൾ അരിധമാനിൽ നിന്ന് തൊടുക്കാനാകും
ഐ.എൻ.എസ് അരിഹന്ത്, ഐ.എൻ.എസ് അരിഘാത്ത് എന്നിവയാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മറ്റ് അന്തർവാഹിനികൾ
9,000 കോടി രൂപ ചെലവിൽ നാലാമത്തെ ആണവ മുങ്ങിക്കപ്പലിന്റെ നിർമ്മാണവും രഹസ്യ കേന്ദ്രത്തിൽ തുടങ്ങിയെന്നാണ് വിവരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |