കണ്ണൂർ: സാമൂഹ്യനീതി പാലിക്കാതെ മലപ്പുറത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയതിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വളഞ്ഞിട്ടാക്രമിച്ചാൽ പ്രതിരോധിക്കുമെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.
സർക്കാരിന്റെ നികുതിപ്പണമുപയോഗിച്ച് ശമ്പളം നൽകുന്ന സ്ഥാപനങ്ങൾ അനുവദിക്കുമ്പോൾ മറ്റു പിന്നാക്കക്കാർക്കും അർഹമായത് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കാൻ ചിലർ നടത്തുന്ന നീക്കം പ്രതിഷേധാർഹമാണെന്നും സന്തോഷ് പറഞ്ഞു.
ചരിത്രം വിസ്മരിക്കുന്ന നേതാവല്ല വെള്ളാപ്പള്ളി
മലപ്പുറം പ്രസംഗത്തിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടേണ്ടതില്ലെന്ന് യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ. മലപ്പുറത്ത് വിദ്യാഭ്യാസ രംഗത്ത് സ്വന്തം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പ്രതിഫലിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഈഴവരാദി പിന്നാക്ക വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനത്തിനു വേണ്ടി സർക്കാരുകൾ ഒന്നും ചെയ്യാത്തതിലുള്ള പരിഭവമാണ് പ്രസംഗത്തിലുള്ളത്. വെള്ളാപ്പള്ളിയോ എസ്.എൻ.ഡി.പി യോഗമോ ഒരിക്കലും മുസ്ലീം സമുദായത്തിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയ ഘട്ടത്തിലും ശിവഗിരിയിൽ പൊലീസ് അതിക്രമം നടന്നപ്പോഴും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കൊപ്പം കൈകോർത്ത ചരിത്രമാണ് മുസ്ലിം സമുദായത്തിന്റേത്. അരുവിപ്പുറം സന്ദേശം ഉൾക്കൊണ്ട് മുന്നോട്ടു പോകുന്ന വെള്ളാപ്പള്ളി അക്കാര്യങ്ങൾ വിസ്മരിക്കുന്ന നേതാവല്ല. അദ്ദേഹത്തിന്റെ പ്രസ്താവനകളെ ഉദ്ദേശശുദ്ധിയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയെ വേട്ടയാടാൻ അനുവദിക്കില്ല
മലപ്പുറം വിഷയത്തിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. മലപ്പുറം ജില്ലയിലെ ന്യൂനപക്ഷമായ ഹൈന്ദവ വിഭാഗം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചു വരികയാണ്. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക നീതി ജില്ലയിലെ ഹിന്ദുക്കൾക്ക് ഇല്ലെന്ന യാഥാർത്ഥ്യമാണ് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി അനിൽ വിളയിലും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |