പൊന്നാനി : ആറു മാസക്കാലം അടച്ചിട്ട് വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുത്തപ്പോൾ ബിയ്യം പാർക്കിൽ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയ അധികൃതരുടെ നീക്കത്തിൽ എതിർപ്പ് വ്യാപകം . വർഷങ്ങളായി അറ്റകുറ്റപണികളില്ലാതെ തകർന്ന അവസ്ഥയിലായിരുന്നു പാർക്ക്. പൊട്ടിയ മേൽക്കൂരയും തകർന്ന ടൈലുകളും പൊട്ടിപ്പൊളിഞ്ഞ കളിയുപകരണങ്ങളും ഇവിടേക്ക് കുടുംബങ്ങളെയും കുട്ടികളെയും എത്തുന്നതിൽ നിന്നും പിന്നോട്ടടിച്ചു. തുടർന്ന് ഒക്ടോബറിൽ പാർക്ക് നവീകരണത്തിനായി അടിച്ചിട്ടു. എന്നാൽ ഫീസ് ഏർപ്പെടുത്തി എന്നതല്ലാതെ വലിയ നവീകരണമൊന്നും നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പെയിന്റിംഗ് നടത്തുകയും തകർന്ന കളിയുപകരണങ്ങൾ നന്നാക്കുകയും ചെയ്തിട്ടുണ്ട്. കഫെറ്റീരിയ അടക്കമുള്ള സംവിധാനങ്ങൾ ആരംഭിച്ചിട്ടില്ല. ആളൊന്നിന് 20 രൂപ ടിക്കറ്റ് ചാർജ്ജ് ഏർപ്പെടുത്തിയത് ഇങ്ങോട്ട് വരുന്നവരെ പിന്നോട്ടടിക്കുന്നുവെന്ന് ആരോപണമുണ്ട്. ഉയരമില്ലാത്ത ചുറ്റുമതിൽ, സി.സി.ടി.വി സംരക്ഷണം ഇല്ലായ്മ എന്നിവ രാത്രിയിൽ പാർക്കിനകത്തു സാമൂഹ്യ വിരുദ്ധർ കയറുന്നതിനു വഴിയൊരുക്കിയിരുന്നു. നവീകരണം കഴിഞ്ഞിട്ടും ചുറ്റുമതിൽ പഴയപടി തന്നെയാണ് . പുതിയ കളി ഉപകരണങ്ങളോ ഇരിപ്പിടങ്ങളോ കൊണ്ടുവരാനായിട്ടില്ല. പൊന്നാനി,മാറഞ്ചേരി, എടപ്പാൾ ഭാഗങ്ങളിൽ നിന്നും ഒരുപാട് പേർ എത്തുന്ന പാർക്കിനെ കൂടുതൽ ജനകീയമാക്കുന്നതിന് ഡി.ടി.പി.സി അധികൃതർ തയ്യാറാകണമെന്ന് ആവശ്യമുയരുന്നുണ്ട്. മുൻപെല്ലാം ഇവിടെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നിരവധി കലാ സാംസ്‌കാരിക പരിപാടികൾ നിത്യേന അരങ്ങേറിയിരുന്നു എന്നാൽ ഇന്ന് യാതൊരു ഉപയോഗവുമില്ലാതെ കിടക്കുകയാണ്.
ഡി. ടി. പി. സി സെക്രട്ടറി: പാർക്ക് കൂടുതൽ മനോഹരമാക്കുക, കൂടുതൽ കളി ഉപകരണങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെയാണ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയത് .ഇത് വഴി പാർക്ക് കൂടുതൽ സജീവമാകും. ഒപ്പം കഫെറ്റീരിയ ഉടൻ പ്രവർത്തനം തുടങ്ങും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |