വാഡൂസ്: സ്വന്തമായി വിമാനത്താവളമോ കറൻസിയോ ഇല്ലാത്ത ഒരു രാജ്യത്തെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എന്നാൽ യൂറോപ്യൻമാരുടെ സ്വപ്നമായി മാറിയ ഒരു രാജ്യമുണ്ട്. ലിച്ചെൻസ്റ്റൈൻ എന്നാണ് സ്വപ്നരാജ്യത്തിന്റെ പേര്. സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു രാജ്യമാണിത്. ലിച്ചെൻസ്റ്റൈനിൽ നിന്നുളള ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് രാജ്യം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നവും പ്രകൃതി ഭംഗി നിറഞ്ഞതുമായ രാജ്യങ്ങളിലൊന്നാണിത്. ലിച്ചെൻസ്റ്റൈനിൽ റിപ്പോർട്ട് ചെയ്യുന്ന അതിക്രമങ്ങൾ കുറവാണെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ലിച്ചെൻസ്റ്റൈനിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം വളരെ കുറവാണ്. മദ്ധ്യകാല കോട്ടകൾക്കും മഞ്ഞുമൂടിയ പർവതങ്ങൾക്കും പ്രശസ്തമായ ലിച്ചെൻസ്റ്റൈനിൽ എകദേശം 30,000 ആളുകൾ മാത്രമാണ് താമസിക്കുന്നത്. രാജ്യത്തിന് ഔദ്യോഗിക ഭാഷയുമില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. പ്രത്യേക നിയമങ്ങളും ലിച്ചെൻസ്റ്റൈനിൽ ഇല്ല. ഇന്ത്യയിൽ നിന്നുളളവർക്ക് ഈ രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ വിസ നിർബന്ധമാണ്. വിനോദത്തിനും ബിസിനസ് സംബന്ധ ആവശ്യങ്ങൾക്കും ലിച്ചെൻസ്റ്റൈൻ സന്ദർശിക്കാവുന്നതാണ്.
ഇവിടെയുളളവർക്ക് ജോലിയില്ലെങ്കിൽ പോലും ജീവിതം നയിക്കാൻ മതിയായ പണം കൈവശമുണ്ട്. ഇഷ്ടപ്പെട്ട എന്ത് കാര്യവും ചെയ്യാനുളള സ്വാതന്ത്ര്യവും ഈ രാജ്യത്തിന് മാത്രം സ്വന്തമാണ്. കുറഞ്ഞ നികുതി മാത്രമേ ഇവിടത്തെ ജനങ്ങളിൽ നിന്ന് ഭരണകൂടം ഈടാക്കുന്നുളളൂ. എന്നാൽ ലിച്ചെൻസ്റ്റൈനിന്റെ ജനജീവിതം പരസ്പരം ബഹുമാനത്തെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായതിനാൽ ലിച്ചെൻസ്റ്റൈനിൽ ഏകദേശം 100 പൊലീസുകാർ മാത്രമാണുളളത്. ഇവിടെ സുരക്ഷിതത്തോടെ ജീവിക്കാം. രാജ്യത്തിന്റെ വീഡിയോ കണ്ടതോടെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതൊരു സ്വപ്നം പോലെ തോന്നുന്നുവെന്നായിരുന്നു ചിലരുടെ പ്രതികരണം. മറ്റുചിലരാകട്ടെ രാജ്യത്തെ യുട്ടോപ്യ എന്നും വിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |