കേരളകൗമുദി വാർത്ത കണ്ണുതുറപ്പിച്ചു
പാലാ: പാലാ- രാമപുരം റോഡിൽ മുണ്ടുപാലത്തും കിഴതടിയൂർ ബൈപ്പാസിലും വാഹന യാത്രികർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയായിരുന്ന ഇഞ്ചക്കാടുകൾ പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ വെട്ടി നീക്കി. വൈസ് ചെയർപേഴ്‌സൺ ബിജി ജോജോയും സ്ഥലത്തെത്തിയിരുന്നു.
വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന വഴിയരികിലെ ഇഞ്ചക്കാടുകളെക്കുറിച്ച് 'കേരള കൗമുദി' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
മുണ്ടുപാലത്തിങ്കലെ പാലത്തോട് ചേർന്നുള്ള വളവിൽ റോഡിലേക്ക് നീണ്ടുനിന്നിരുന്ന ഇഞ്ചക്കാടുകൾ പലപ്പോഴും ബസിന്റെ സൈഡ് സീറ്റിൽ യാത്ര ചെയ്യുന്നവരുടെ ദേഹവും വസ്ത്രവും കീറിയിരുന്നു.
ബസ് വളവ് തിരിഞ്ഞു വരുമ്പോഴാണ് ഓർക്കാപ്പുറത്ത് യാത്രക്കാർ ഇഞ്ചമുൾപ്പടർപ്പിൽ പെടുന്നത്. ഒഴിഞ്ഞുമാറാൻ സമയം കിട്ടുംമുമ്പേ ദേഹവും വസ്ത്രവും ഇഞ്ചമുള്ളിൽ ഉടക്കുകയായിരുന്നു പതിവ്. ബൈപാസിൽ ഫുട്പാത്തിലേക്ക് തള്ളിനിന്നിരുന്ന ഇഞ്ചക്കാടുകൾ പുലർച്ചെ വ്യായാമത്തിനും മറ്റും ഇറങ്ങുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
എത്രയുംവേഗം ഇഞ്ചപ്പടർപ്പുകൾ വെട്ടിനീക്കിയില്ലെങ്കിൽ നഗരസഭാ ഓഫീസിന് മുന്നിൽ ഇഞ്ചക്കമ്പുമായി സമരം നടത്തുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് നഗരസഭാ ചെയർമാൻ തോമസ് പീറ്ററിന് ജോയി കളരിക്കൽ പരാതിയും നൽകി.
ഫോട്ടോ അടിക്കുറിപ്പ്
പാലാ മുണ്ടുപാലം ഭാഗത്ത് റോഡിലേക്ക് തള്ളിനിന്നിരുന്ന ഇഞ്ചപ്പടർപ്പുകൾ നഗരസഭാ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ തൊഴിലാളികൾ വെട്ടി നീക്കുന്നു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |