മലപ്പുറം: കേരളം ഒരിക്കലും മറക്കാത്ത കൃഷ്ണപ്രിയയുടെ അച്ഛൻ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ നിര്യാതനായി. എഴുപത്തഞ്ചുവയസായിരുന്നു. 2001 ഫെബ്രവരി ഒൻപതിന് ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് കൃഷ്ണപ്രിയയെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സ്കൂൾ വിട്ടുവരുമ്പോഴായിരുന്നു കൊടുംക്രൂരതയ്ക്ക് കൃഷ്ണപ്രിയ ഇരയായത്. കേസിൽ അറസ്റ്റിലായ പ്രതി നാളുകൾക്കുശേഷം ജാമ്യംലഭിച്ച് പുറത്തിറങ്ങിയപ്പോൾ ശങ്കരനാരായണൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മകളെ പിച്ചിച്ചീന്തിയവനെ കൊലപ്പെടുത്തിയശേഷം ചങ്കുറപ്പോടെ പൊലീസിന് മുന്നിലെത്തി കുറ്റം ഏറ്റുപറഞ്ഞ് ആ അച്ഛൻ അറസ്റ്റുവരിക്കുകയായിരുന്നു. ഇരുപത്തിനാലുവയസായിരുന്നു മുഹമ്മദ് കോയയ്ക്ക് അപ്പോൾ. കൃഷ്ണപ്രിയ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 37 വയസാകുമായിരുന്നു.
കേസിൽ മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റുരണ്ടുപേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. മൃതശരീരം വീണ്ടെടുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിക്ക് മറ്റുശത്രുക്കൾ ഉണ്ടാവുമെന്നും കാണിച്ചാണ് കോടതി ശങ്കരനാരായണനെ വിട്ടയച്ചത്.
കന്നുകാലികളെ വളർത്തിയായിരുന്നു ശങ്കരനാരായണൻ കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയിൽ പിന്നീടൊരിക്കലും ശങ്കരനാരായണൻ ഉറങ്ങിയില്ല. മകളെ ഓർത്ത് കണ്ണീർ തൂകിയാണ് അദ്ദേഹം ജീവിച്ചത്. മരിക്കുന്നതുവരെ അദ്ദേഹം കൃഷ്ണപ്രിയയെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. ശങ്കരനാരായണൻ മരണത്തിന് കീഴടങ്ങിയെങ്കിലും കേരളവും മലയാളികളും ഉള്ളിടത്തോളം ശങ്കരനാരായണൻ ഓർമ്മിക്കപ്പെടുമെന്നും അവർ പറയുന്നു. ഭാര്യ: ശാന്തകുമാരി, മറ്റുമക്കൾ: പ്രസാദ്, പ്രകാശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |