ആലപ്പുഴ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നീതിക്കായി ഏതറ്റംവരെയും പോരാട്ടം നടത്തുന്ന കാർക്കശ്യക്കാരനായ നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ. സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടങ്ങളുടെ തുടക്കം ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡിൽ നിന്നായിരുന്നു. ഭരണകൂടം ഒതുക്കിതീർക്കാൻ ശ്രമിച്ച ബലാത്സംഗക്കേസ് വെളിച്ചത്തിലേയ്ക്ക് കൊണ്ടുവന്നത് വിഎസ് ആയിരുന്നു.
1970 നവംബർ രണ്ടിനാണ് ആ അതിക്രൂര അതിക്രമം നടന്നത്. പൊലീസുകാർ പ്രതികളായ ബലാത്സംഗക്കേസ്. ഇരുചെവിയറിയാതെ ഭരണകൂടം ഒതുക്കിതീർക്കാൻ ശ്രമിച്ച കേസ് ഇരുട്ടിവെളുക്കുന്നതിന് മുൻപ് വിഎസ് കേരള ജനതയ്ക്ക് മുന്നിലെത്തിക്കുകയായിരുന്നു. നെഹ്‌റു ട്രോഫി വാർഡിൽ നാല് കർഷകത്തൊഴിലാളികളായ യുവതികളെ എട്ട് പൊലീസുകാർ ചേർന്ന് ബലാത്സംഗം ചെയ്തു. ടെലിഗ്രാം വഴിയാണ് വിഎസ് ഇക്കാര്യം അറിഞ്ഞത്. അപ്പോൾ പുലർച്ചെ ഒരുമണിയായിരുന്നു സമയം. എന്നാൽ നേരം വെളുക്കാൻ അദ്ദേഹം കാത്തുനിന്നില്ല.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേയ്ക്ക് ഉടൻ പുറപ്പെട്ടു. സംഭവസ്ഥലത്തെത്തി ഇരകളായ സ്ത്രീകളോട് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. നവംബർ മൂന്നിന് അടിയന്തരപ്രമേയവുമായി അദ്ദേഹം സഭയിലെത്തി. ഇങ്ങനെയായിരുന്നു അദ്ദേഹം വിവരം പുറത്തറിയിച്ചത് 'ഇന്നലെ രാത്രി ഏതാണ്ട് ഒരുമണിയോടുകൂടി കിട്ടിയ ടെലിഗ്രാം അനുസരിച്ച് ഞാൻ ആലപ്പുഴയിൽ പോയി നേരിട്ടന്വേഷിച്ചപ്പോൾ എനിക്കുകിട്ടിയ വിവരങ്ങൾ പറയുകയാണ്'. വി എസ് പറഞ്ഞത് സഭ ഞെട്ടലോടെയാണ് കേട്ടത്. സർക്കാർ വിഷയം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ് കോയ മറുപടി നൽകി. ഒടുവിൽ എട്ട് പൊലീസുകാരുടെയും പേരിൽ കേസെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |