തിരുവനന്തപുരം: സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചീഫ് സെക്രട്ടറി ശാരദ മുരളീധരനോട് നേരിട്ട് ഹിയറിംഗ് നടത്താനാണ് നിർദേശം. വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുപ്രധാന നിർദേശം. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാൻ എൻ പ്രശാന്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണം നോട്ടീസാണ് പ്രശാന്ത് നൽകിയത്.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെയായിരുന്നു പ്രശാന്തിന് സസ്‌പെൻഷൻ ലഭിച്ചത്. നവംബറിൽ രണ്ടുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തതെങ്കിലും, ജനുവരിയിൽ നാലുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു.
സർക്കാർ അകാരണമായി തന്നോട് അന്യായം കാണിക്കുകയാണെന്നെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണംപോലും നടത്താതെയും തന്റെ ഭാഗം കേൾക്കാതെയുമായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ചോദിച്ചതും വിവാദമായിരുന്നു. ചീഫ് സെക്രട്ടറി ഏഴ് കാര്യങ്ങൾക്ക് വിശദീകരണം നൽകണമെന്നാണ് പ്രശാന്ത് ആവശ്യപ്പെട്ടത്. താൻ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി തന്നാലേ ചാർജ് മെമ്മോയ്ക്ക് മറുപടി നൽകൂവെന്നും പ്രശാന്ത് നിലപാടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |