ന്യൂഡൽഹി: മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതായി റിപ്പോർട്ട്. വിമാനം ഇന്നുരാത്രിയോ നാളെ പുലർച്ചെയോ ലാൻഡ് ചെയ്യുമെന്നാണ് നിഗമനം. തന്നെ ഇന്ത്യയ്ക്ക് വിട്ടുനൽകാനുള്ള യുഎസ് സർക്കാരിന്റെ നീക്കം സ്റ്റേ ചെയ്യണമെന്ന് കാട്ടി കഴിഞ്ഞ മാസം റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് റാണ മാർച്ചിൽ സമർപ്പിച്ച ഹർജിയും കോടതി നിരസിച്ചിരുന്നു. കനേഡിയൻ പൗരത്വമുള്ള വ്യവസായിയായ തഹാവൂർ റാണ പാക്കിസ്ഥാൻ സ്വദേശിയാണ്.
ഇന്ത്യയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാർക്കിൻസൺസ്, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ തനിക്കുണ്ടെന്നുമായിരുന്നു ഹർജിയിൽ ഇയാളുടെ വാദം. പാക് ആർമിയിലെ മുൻ ഡോക്ടറാണ് റാണ. യുഎസ് - ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറുന്നത്. ഇയാൾ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ യുഎസിന് കൈമാറിയിരുന്നു. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയിരുന്നു.
2008 നവംബർ 26ലെ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. റാണയ്ക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭീകരാക്രമണം നടപ്പാക്കാൻ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും നൽകിയത് തഹാവൂർ റാണയാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും ലഷ്‌കർ ഭീകരരെ സഹായിച്ചതിനും 2013ൽ റാണയ്ക്ക് ഷിക്കാഗോ കോടതി 14 വർഷം തടവ് വിധിച്ചിരുന്നു. ലോസ് ആഞ്ചലസിലെ ഫെഡറൽ തടങ്കൽ കേന്ദ്രത്തിലായിരുന്നു റാണയെ പാർപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |