കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ക്രൂരമായ ജാതി വിവേചനത്തെ തുടർന്ന് ജോലി രാജിവച്ച കഴകം ജീവനക്കാരൻ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ. ബാലുവിന് പകരം നിയമിക്കുന്നത് ഈഴവസമുദായാംഗം തന്നെയായ കെ.എസ്. അനുരാഗിനെ. നിയമനത്തിനുള്ള അഡ്വൈസ് മെമ്മോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഇന്നലെ കൂടൽമാണിക്യം ദേവസ്വത്തിന് അയച്ചു.
ദേവസ്വത്തിന്റെ നിയമന ഉത്തരവ് കിട്ടിയാലുടൻ ജോലിക്ക് കയറുമെന്ന് അനുരാഗ് പറഞ്ഞു. അഡ്വൈസ് മെമ്മോ പ്രകാരം അഡ്മിനിസ്ട്രേറ്റർക്ക് നിയമന ഉത്തരവ് ഇറക്കാമെങ്കിലും വിവാദവിഷയമായതിനാൽ ചിലപ്പോൾ ദേവസ്വം ഭരണസമിതിയോഗത്തിന്റെ പരിഗണനയ്‌ക്കു വിട്ടേക്കും.
റാങ്കുപട്ടികയിലെ ഒന്നാം സ്ഥാനക്കാരനും എം.എക്കാരനുമായ ബി.എ. ബാലു ഈഴവനാണെങ്കിലും പൊതുവിഭാഗത്തിലായിരുന്നു നിയമനം. രണ്ടാംസ്ഥാനം ഈഴവ സംവരണമായതിനാലാണ് സപ്ളിമെന്ററി ലിസ്റ്റിൽ നിന്നുള്ള 23കാരനായ അനുരാഗിന് അവസരം ലഭിച്ചത്.
ചേർത്തല കളവംകോടം സ്വദേശിയായ അനുരാഗ് ബി.കോം ബിരുദധാരിയാണ്. ഇപ്പോൾ എറണാകുളത്തെ ഓഡിറ്റിംഗ് സ്ഥാപനത്തിലാണ് ജോലി. രണ്ട് പിതൃസഹോദരന്മാർ പൂജാരിമാരാണ്. ഒരാൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൂജാരിയാണ്.
ഉത്സവം മേയ് 8 മുതൽ;
മുഖ്യം തന്ത്രി പൂജകൾ
ഫെബ്രുവരി 24ന് മാലകെട്ടു കഴകക്കാരനായി ബി.എ. ബാലു ചുമതലയേറ്റശേഷം ക്ഷേത്രത്തിലെ ആറ് ബ്രാഹ്മണ തന്ത്രിമാരും ക്ഷേത്രബഹിഷ്കരണ സമരം നടത്തിയത് കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. ബാലുവിനെ ഓഫീസ് അറ്റൻഡന്റായി മാറ്റിയ ശേഷമേ ഇവർ പ്രതിഷ്ഠാദിനം ഉൾപ്പെടെയുള്ള ക്ഷേത്രചടങ്ങുകൾക്കെത്തിയുള്ളൂ.
മേയ് എട്ടിനാണ് കൂടൽമാണിക്യം ഉത്സവം കൊടിയേറുക. പത്ത് ദിവസത്തെ ഉത്സവത്തിന് ദിവസവും തന്ത്രിപൂജകളാണ് നടക്കേണ്ടത്. അനുരാഗ് ചുമതലയേറ്റാൽ തന്ത്രിമാർ ഉത്സവം ബഹിഷ്കരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അടിച്ചുതളി ജീവനക്കാരനായ രാജേഷ് പിഷാരടിയാണ് ഇപ്പോൾ മാലകെട്ട് കഴകം ജോലി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |