തിരുവനന്തപുരം: ഉത്തരക്കടലാസുകൾ അദ്ധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതിനെത്തുടർന്ന് നടത്തിയ എം.ബി.എ മൂന്നാം സെമസ്റ്ററിന്റെ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ പ്രത്യേക പരീക്ഷയിൽ 100ശതമാനം വിജയം. പരീക്ഷയെഴുതിയ 65പേരും വിജയിച്ചു. 2024 മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 831 വിദ്യാർത്ഥികളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. 828 പേരാണ് ആകെ പരീക്ഷയെഴുതിയത്. 663 പേർ (80.07%) വിജയിച്ചു. മുൻപരീക്ഷയേക്കാൾ പ്രത്യേക പരീക്ഷയുടെ ചോദ്യങ്ങൾ കടുപ്പമായിരുന്നെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞിരുന്നത്. ഇനി പരീക്ഷയെഴുതാനുള്ള ആറു പേർക്കായി 22ന് വീണ്ടും പരീക്ഷ നടത്തും.
തത്സമയ കാർട്ടൂൺ രചന
തിരുവനന്തപുരം:ലഹരി ഉപയോഗത്തിനെതിരേ കാർട്ടൂണിസ്റ്റ് പ്രതാപൻ പുളിമാത്തിന്റെയും കോതമംഗലം പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജിന്റെയും നേതൃത്വത്തിൽ നടത്തുന്ന തത്സമയ കാർട്ടൂൺ രചന ഇന്ന് രാവിലെ 11ന് വൈറ്റില മൊബിലിറ്റി ഹബിൽ നടക്കും. വൈറ്റില കൗൺസിലർ സുനിത ഡിക്സൺ ഉദ്ഘാടനം ചെയ്യും. കോ-ഓർഡിനേറ്റർമാരായ ഷൈലജ പുഞ്ചക്കരി,ബൈജു.സി.ആചാര്യ എന്നിവർ നേതൃത്വം നൽകും.
ശിവഗിരി മഠത്തിൽ
പഠനക്യാമ്പ് തുടരുന്നു
ശിവഗിരി: ശിവഗിരി മഠത്തിൽ വിദ്യാർത്ഥികൾക്കായുള്ള അവധിക്കാല പഠനക്യാമ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ദൈവദശകത്തെ അടിസ്ഥാനമാക്കി എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ക്ലാസ് നയിച്ചു. ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവരുണ്ടെന്ന് അറിയുന്നവർക്ക് ഭക്ഷണം പാഴാക്കാൻ കഴിയില്ലെന്നും അന്നം ഈശ്വരൻ ആണെന്ന് കരുതണമെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. കടലിലെ ശക്തവും ശാന്തവുമായ തിരമാലകളിൽ കാണാനാവുക ജലം മാത്രമാണ്. എല്ലാ സൃഷ്ടികളുടെയും അധിപൻ ഈശ്വരൻ തന്നെയെന്ന് തിരിച്ചറിയണം. അഹങ്കാരം ഇല്ലാത്തതാകണം ജീവിതമെന്നും സ്വാമി ഉപദേശിച്ചു. പ്രാർത്ഥനാ പരിശീലനത്തിനും, ഇതിഹാസ പുരാണങ്ങളെയും ആത്മീയ ആചാര്യന്മാരെയും ഗുരുദേവ ശിഷ്യരെയും കുറിച്ച് അറിയാനും അവസരമുണ്ട്. കേരള സാഹിത്യ അക്കാഡമി മുൻ അംഗം മങ്ങാട് ബാലചന്ദ്രനും ക്ലാസെടുത്തു. പഠിതാക്കളുടെ കലാപ്രകടനങ്ങളുമുണ്ട്.
കിറ്റ്സിൽ നാലുവർഷ ഓണേഴ്സ് കോഴ്സുകൾ
തിരുവനന്തപുരം:തിരുവനന്തപുരത്തെ കിറ്റിസിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്) നാലുവർഷ ഓണേഴ്സ് കോഴ്സുകൾക്ക് സർക്കാർ എൻ.ഒ.സി നൽകി.ബി.ബി.എ ഓണേഴ്സ് (80സീറ്റ്),ബികോം ഓണേഴ്സ് (40സീറ്റ്) കോഴ്സുകൾക്കാണ് അനുമതി.സ്വാശ്രയ കോഴ്സുകളായാണ് ഇവ നടത്തുക.
സ്റ്റൈപന്റോടുകൂടിയ തൊഴിൽ നൈപുണ്യ പരിശീലനം
തിരുവനന്തപുരം: പട്ടികജാതി - കയർ വികസന വകുപ്പുകളുടെ കീഴിൽ, നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI)കേരളത്തിലുടനീളം വിവിധ ജില്ലകളിൽ സ്റ്റൈപന്റോടു കൂടിയ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു. 50 വയസ്സുവരെയുള്ള പട്ടികജാതി വനിതകൾക്കാണ് ഈ പരിശീലനം. അടിസ്ഥാന യോഗ്യത എട്ടാം ക്ലാസ്.മേയിൽ തുടങ്ങും.അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. വിശദാംശങ്ങൾക്ക്: www.ncrmi.org.ഫോൺ: 0471-2730788.
സ്റ്റാർട്ടപ്പ് മിഷൻ തീം പവലിയന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : സംസ്ഥാന സർക്കറിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം 2025 പ്രദർശന- വിപണനമേളയിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ(കെ.എസ്.യു.എം)തീം പവലിയൻ സജ്ജീകരിക്കുന്നതിന് ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.ഈ മാസം 21 മുതൽ മേയ് 23 വരെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 14 ജില്ലകളിലായിട്ടാണ് മേള നടക്കുന്നത്.അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 14.ഏജൻസികളുടെ തിരഞ്ഞെടുപ്പ് 15ന്.വിവരങ്ങൾക്ക്: https://startupmission.kerala.gov.in/tenders
പ്രത്യേക കെ- ടെറ്റ് വിജ്ഞാപനം
തിരുവനന്തപുരം : സർവീസിലുള്ള അദ്ധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https\ktet.kerala.gov.in വെബ്പോർട്ടൽ വഴി ഇന്ന് മുതൽ 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: https\ktet.kerala.gov.in, https\pareekshabhavan.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |