കോട്ടയം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസും പൊലീസും നടത്തിയ റെയ്ഡിൽ കഞ്ചാവുമായി നാലുപേർ പിടിയിൽ. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ അജോമോൻ (22), മയ്യനാട് വടക്കുംകര കിഴക്കഞ്ചേരികര ഓമനഭവനിൽ അനുരാഗ് (24), തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ (മിഥുൻ, 25), തിരുവഞ്ചൂർ നരിമറ്റം സരസ്വതി നിവാസിൽ അശ്വിൻ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ കൂരോപ്പട തോട്ടുങ്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അജോ പിടിയിലായത്. 50 ഗ്രാം കഞ്ചാവും കണ്ടെത്തി. മണർകാട്, പാമ്പാടി, കൂരോപ്പട ഭാഗത്ത് ഇയാൾ വ്യാപകമായി കഞ്ചാവ് വില്പന നടത്തിയിരുന്നു. 10 ഗ്രാം കഞ്ചാവുമായി പാമ്പാടി മുനിസിപ്പൽ മൈതാനം ഭാഗത്ത് നിന്നാണ് അനുരാഗ് പിടിയിലാകുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജെ ടോംസി, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബിനോയ് കെ.മാത്യു, കെ.എൻ അജിത്കുമാർ, പ്രിവന്റീവ് ഓഫിസർമാരായ പി.ശ്രീകാന്ത്, അനിൽ വേലായുധൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡുമാരായ സി.എ അഭിലാഷ്, അഖിൽ പവിത്രൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സാജിദ്, ഷെബിൻ ടി.മാർക്കോസ്, നിധിൻ നെൽസൺ, വനിതാ സിവിൽ പൊലീസ് ഓഫിസർ അഞ്ജു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
കൊങ്ങാണ്ടൂർ മുടപ്പല ഭാഗത്ത് നിന്നാണ് ജിബുമോനെയും, അശ്വിനെയും പിടികൂടിയത്. പ്രദേശത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് വിവരം ലഭിച്ചിരുന്നു. എസ്.ഐ സജു ടി.ലൂക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിജോ തോമസ്, അരുൺകുമാർ അനീഷ് എന്നിവരും ലഹരി വിരുദ്ധ സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |