വർക്കല: പൊതുമരാമത്ത് വകുപ്പിന്റെ വർക്കല ബൈപ്പാസ് റോഡ് നിർമ്മാണപദ്ധതി ഉടൻ യാഥാർത്ഥ്യമാകും. വർക്കലയുടെ മുഖച്ഛായ മാറുംവിധം ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് വർക്കല ബൈപ്പാസ്. നഗരവികസനത്തിന് പുത്തൻ ഉണർവേകുന്ന ബൈപ്പാസ് ശിവഗിരി മട്ടിന്മൂട് ജംഗ്ഷനു സമീപത്തു നിന്നാരംഭിച്ച് കണ്ണംമ്പ റോഡിലെ സ്റ്റാർ തിയേറ്ററിനു സമീപം അവസാനിക്കുന്ന രീതിയിലാണുള്ളത്. റോഡിനാവശ്യമായ ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 2022ൽ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തിയിരുന്നു. പ്ലാനറ്റ് കേരള സമർപ്പിച്ച പഠനറിപ്പോർട്ട് പരിശോധിച്ച വിദഗ്ദ്ധ സമിതിയാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. വർക്കല വില്ലേജിലെ 85 സർവേ നമ്പരുകളിൽ ഉൾപ്പെട്ട 519.179 സെന്റ് ഭൂമി പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്. ഒന്നരക്കിലോമീറ്റർ നീളത്തിൽ 29.51 കോടി രൂപ ചെലവിലാണ് പദ്ധതി. സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാര വിതരണവും പുനരധിവാസവും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഉണ്ടായെങ്കിലും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നീണ്ടതാണ് പദ്ധതി വൈകാൻ കാരണമായത്. 121 സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് 20 കോടിയോളം രൂപ നൽകി പദ്ധതിക്കായി ഏറ്റെടുത്തത്. പദ്ധതി പൂർത്തീകരണം വഴി സമൂഹത്തിനുണ്ടാകുന്ന നേട്ടങ്ങൾ പദ്ധതി ബാധിതർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ അപേക്ഷിച്ച് വളരെ വലുതാണ്. വിദഗ്ദ്ധ സമിതിയുടെ പരാമർശവും പദ്ധതിക്ക് അനുഗ്രഹമായി.
നിർമ്മാണച്ചെലവ്- 29.51 കോടി രൂപ
നാടിന്റെ മുഖച്ഛായ മാറും
ഗുണദോഷ പ്രത്യാഘാതങ്ങൾ വിലയിരുത്തി പദ്ധതിക്ക് അനുയോജ്യമായതും കുറഞ്ഞ അളവിലുള്ളതുമായ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കൽമൂലം ഉപയോഗയോഗ്യമല്ലാതെ അവശേഷിക്കുന്ന തുണ്ട് ഭൂമികളും സർക്കാർ ഏറ്റെടുക്കണമെന്ന അപേക്ഷയും പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്. ബൈപ്പാസ് റോഡ് നിർമ്മാണപദ്ധതി നടപ്പാക്കുന്നതോടെ നഗരത്തിലെ ഗതാഗതത്തിരക്കിന് പരിഹാരമാകും. ശിവഗിരി തീർത്ഥാടനവേളയിൽ അനുഭവപ്പെടുന്ന വാഹന ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനും തീർത്ഥാടകർക്കും സഞ്ചാരികൾക്കും സൗകര്യപ്രദമായി സഞ്ചരിക്കുന്നതിനും വഴിയൊരുങ്ങും. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഗുഡ്സ്ഷെഡ് റോഡ് റെയിൽവേ വികസനത്തിനായി അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ ബൈപ്പാസ് റോഡ് ജനങ്ങൾക്ക് ഉപകാരപ്പെടും. നഗരസഭയിലെ കല്ലംകോണം,ചെറുകുന്നം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ പുതിയ റോഡും സഞ്ചാരമാർഗവും സംജാതമാകും.
നടപടികൾ അതിവേഗം
ഭൂമിയേറ്റെടുക്കൽ പൂർത്തിയായതോടെ ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി മണ്ണ് പരിശോധന കഴിഞ്ഞദിവസം ആരംഭിച്ചു. രണ്ട് മാസങ്ങൾക്കുള്ളിൽ ഫയൽ വർക്കുകൾ പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിലാണ് നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |