ആറാട്ടുപുഴ : മേള ആചാരങ്ങളും, എണ്ണമറ്റ ഗജവീരന്മാരും ജനസഹസ്രങ്ങളും സാക്ഷിയായി ആറാട്ടുപുഴ പൂരം ഭക്തിസാന്ദ്രം. 24 ദേവീദേവന്മാർ പങ്കെടുത്ത ദേവമേള ദർശിക്കാൻ കഴിഞ്ഞ ദിവസം ആയിരങ്ങൾ ആറാട്ടുപുഴയിലെത്തി. തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിൽ തിരിച്ചെത്തുകയും നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം ഇന്നലെ സന്ധ്യയ്ക്ക് ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽ കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് നടത്തി.
ഇക്കുറി പൂരത്തിന് പ്രഥമമേള പ്രമാണിയായ പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നാദവിസ്മയം തീർത്തു. ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടംവരെ പോയി. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരാഞ്ഞു. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാട് നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്കെഴുന്നള്ളി.
ആറാട്ടുപുഴ ശാസ്താവ് നിലപാട് തറയിലെത്തിയതോടെ ദേവീദേവന്മാരുടെ പൂരമാരംഭിച്ചു. തേവർ കൈതവളപ്പിലെത്തുന്നത് വരെ വിശാലമായ പാടത്ത് എഴുന്നള്ളിപ്പ് തുടർന്നു. തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം നടന്നത്. പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് നടത്തി. തുടർന്ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് മറുഭാഗത്താരംഭിച്ചു. അന്തിക്കാട് ചൂരക്കോട് ഭഗവതിമാരും എഴുന്നള്ളിപ്പ് നടത്തി.
ഇന്ന് ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. 42 ആനകൾ അണിനിരന്നു. ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തി. പല്ലിശ്ശേരി സെന്റർ മുതൽ പൂരപ്പാടം വരെ അഞ്ച് ആനകളുടേയും അവിടെ നിന്നും കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമുണ്ടായി. പാണ്ടിമേളം അവസാനിച്ചതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരന്നു. തേവർ കൈതവളപ്പിൽ വന്നതോടെ ദേവിമാരുടെ ആറാട്ട് തുടങ്ങി. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടിയത്. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം വിളക്കാചാരം, കേളി, പറ്റ് എന്നിവ കഴിഞ്ഞാണ് തേവരും ഊരകത്തമ്മത്തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി മന്ദാരംകടവിലേക്ക് എഴുന്നള്ളിയത്. ഊരകത്തമ്മതിരുവടി ആറാട്ടുപുഴക്ഷേത്രം പ്രദക്ഷിണം വച്ചു. ആറാട്ടുപുഴ ക്ഷേത്ര നടപ്പുരയിൽ നിറപറകൾ സമർപ്പിച്ച് തേവരെയും ഭഗവതിമാരെയും എതിരേറ്റു.
തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് എഴുന്നള്ളിയപ്പോൾ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളി. ക്ഷേത്രം പ്രദക്ഷിണംവച്ച് യാത്രയായ ദേവീദേവന്മാർക്ക് ശാസ്താവ് ഉപചാരം പറഞ്ഞു. ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോയി. തേവരും ശാസ്താവും തമ്മിൽ ഏഴ് ഉപചാരങ്ങൾ ഉണ്ട്. അതിന് ശേഷമായിരുന്നു പൂരം വിളംബരം. ആറാട്ടുപുഴ ശാസ്താവിന്റ ജൗതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്തു. 1445ാമത് ആറാട്ടുപുഴ പൂരം 1201 മീനം 16 (2026 മാർച്ച് 30) തിങ്കളാഴ്ച ആഘോഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |