കൊച്ചി: വയനാട് ദുരന്തം തീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവായി. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഇന്നലെയും ആവർത്തിച്ചിരുന്നു.ഒരു വർഷത്തെ മോറട്ടോറിയമാണ് പരിഗണനയിലുള്ളതെന്നും, കൊവിഡ് കാലത്ത് പോലും വായ്പ എഴുതിത്തള്ളിയിട്ടില്ലെന്നും വിശദീകരിച്ചു.
എന്നാൽ കോവിഡിൽ നിന്ന് വ്യത്യസ്തമാണ് വയനാട്ടിലെ അവസ്ഥയെന്നും അവിടെ എല്ലാം ഒഴുകിപ്പോയതാണെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് നിർദ്ദേശിച്ചു. പിന്നാലെ,ഇടക്കാല ഉത്തരവുമിറക്കി. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണിത്.
ആർ.ബി.ഐ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വായ്പാ പുന:ക്രമീകരണമാണ് പരിഗണിക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാരിനു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വിശദീകരിച്ചത്. ബാങ്കുകളുടെ വിവേചനാധികാരമായതിനാൽ നിർബന്ധിക്കാനാകില്ലെന്നും പറഞ്ഞു.എന്നാൽ ,ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനാകില്ലേയെന്ന് കോടതി ആരാഞ്ഞു. കേരള ബാങ്ക് അഞ്ച് കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതും ചൂണ്ടിക്കാട്ടി.
വായ്പ 35.30 കോടി
12 ബാങ്കുകൾ 3220 അക്കൗണ്ടുകളിലൂടെ 35.30 കോടി രൂപയാണ് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ വായ്പ നൽകിയിരിക്കുന്നത്. ഇതിൽ 15.44 കോടി നൽകിയ ഗ്രാമീൺ ബാങ്കാണ് മുന്നിൽ.
മോറട്ടോറിയത്തെ മുഖ്യമന്ത്രി അനുകൂലിച്ചിട്ടില്ല
വായ്പകൾക്ക് മോറട്ടോറിയം നൽകുന്നതിനെ ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിച്ചെന്ന കേന്ദ്രസർക്കാർ വാദത്തിന് സംസ്ഥാനം വിശദീകരണം നൽകി. വായ്പകൾ തത്കാലത്തേക്ക് പുന:ക്രമീകരിക്കാമെന്നും എഴുതിത്തള്ളുന്ന കാര്യം ചർച്ച ചെയ്യാൻ സാവകാശം വേണമെന്നുമാണ് കഴിഞ്ഞവർഷം ആഗസ്റ്റിലെ യോഗത്തിൽ ബാങ്കുകൾ അറിയിച്ചത്. ഇത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്. കിടപ്പാടമടക്കം നഷ്ടപ്പെട്ടവരുടെ വായ്പകൾക്ക് മോറട്ടോറിയം ആശ്വാസ നടപടിയല്ലെന്ന് യോഗത്തിൽ ആസൂത്രണ, റവന്യൂ സെക്രട്ടറിമാർ ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തിന്റെ മിനുട്സ് സഹിതം ഹൈക്കോടതിയിൽ സർക്കാർ പത്രിക നൽകി. ദുരിതാശ്വാസ സഹായത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കേരളം നൽകിയ നിവേദനത്തിലും വായ്പകൾ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഭൂമി ഒരുക്കൽ 15 മുതൽ
ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ 15 ന് ആരംഭിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മഴയ്ക്ക് മുൻപ് മുൻകരുതൽ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചു.
കേന്ദ്ര നിലപാട് വഞ്ചനാപരം: പ്രിയങ്ക ഗാന്ധി
മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതർ വീടും, സ്ഥലവും, ജീവിതമാർഗവും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും അവരുടെ വായ്പ പുനഃക്രമീകരിക്കാൻ മാത്രമേ കഴിയൂ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അത് ആശ്വാസമല്ല, വഞ്ചനയാണ്. ഈ നിസ്സംഗത അപലപനീയമാണെന്നും ദുരിതബാധിതർക്കൊപ്പം തോളോടുതോൾ ചേർന്ന് നിന്ന് നീതി ലഭിക്കുന്നത് വരെ അവരുടെ ശബ്ദം എല്ലാ വേദികളിലും ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |