ഇടുക്കി: മൂന്നാറിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അന്തോണിയാർ കോളനി സ്വദേശി ഗണേശാണ് മരിച്ചത്. ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് അപകടം. ദേവികുളത്ത് നിന്ന് മൂന്നാറിലേക്ക് വന്നിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മണ്ണ് പതിച്ചതിനെ തുടർന്ന് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് ഗണേശനെ പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
അതേസമയം, കണ്ണൂർ ആറളം മേഖലയിൽ മലവെള്ള പാച്ചിൽ ഉണ്ടായതായി റിപ്പോർട്ട്. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റി പാർപ്പിച്ചു. അമ്പതിലധികം വീടുകളിൽ വെള്ളം കയറി. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പഴശ്ശി ഡാമിന്റെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയാണ് പെയ്യുന്നത്. കനത്തമഴയെ തുടർന്ന് വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തമായി. താഴ്‌ന്ന് പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയെന്നാണ് വിവരം. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോയെന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്ടിൽ ഇന്ന് പരക്കെ മഴ പെയ്യുന്നുണ്ട്. കനത്ത മഴയെ തുടർന്ന് മാനന്തവാടി, വെെത്തിരി താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളിൽ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വയനാട് ഇന്ന് ഓറഞ്ച് അലർട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |