കൊല്ലം: 'പണ്ട് നമ്മളെഴുതിയ ലോക്കൽ കമ്മിറ്റിയുടെ ബോർഡ് മായ‌്ഞ്ഞുകാണുമല്ലേ. നമ്മളൊരുമിച്ച് ഈ തെക്കേച്ചേരിയിൽ എത്ര ചുവരുകളെഴുതിയതാണ്. എത്ര പോസ്റ്ററുകളൊട്ടിച്ചതാണ്.' പ്രാക്കുളം എൻ.എസ്.എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ ആദ്യമായി ഇങ്ക്വിലാബ് വിളിച്ചുനൽകിയ വി.കെ.വിക്രമന്റെ വീട്ടിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പഴയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു.
'അക്കാലത്ത് കെ.എസ്.എഫ് സ്ഥാനാർത്ഥിയായാൽ തോൽക്കുമെന്ന് ഉറപ്പാണ്. അങ്ങനെ സ്കൂൾ തിരഞ്ഞെടുപ്പിൽ കെ.എസ്.എഫിന് വേണ്ടി തോൽക്കാൻ വിദ്യാർത്ഥികളെ കണ്ടെത്തിയിരുന്ന ആളായിരുന്നു വിക്രമൻ സഖാവ്. അദ്ദേഹം എന്നെയും തിരഞ്ഞുപിടിച്ച് സ്ഥാനാർത്ഥിയാക്കി. ആദ്യമായി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സമ്മേളനത്തിന് കൊണ്ടുപോയതും വിക്രമൻ സഖാവാണ്. 'ഇങ്ങനെ പറഞ്ഞുകൊണ്ട് എം.എ.ബേബി ചുവന്ന ഷാൾ അണിയിച്ചപ്പോൾ വി.കെ.വിക്രമന്റെ കണ്ണുകൾ നിറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞു. 'ബേബി അന്നേ മിടുക്കനായിരുന്നു. മത്സരങ്ങൾക്കൊക്കെ പോയി സമ്മാനം വാങ്ങിയിരുന്ന നല്ല ഡിബേറ്റർ. കെ.എസ്.യു മാത്രം ജയിക്കുന്ന സ്കൂളിൽ ഒരു ക്ലാസിലെങ്കിലും ജയിക്കാൻ, പാർട്ടി സഖാക്കളുടെ സഹായത്തോടെയാണ് ബേബിയെ കണ്ടുപിടിച്ചത്."
സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞ് കൊല്ലത്ത് നിന്ന് മടങ്ങും മുമ്പും എം.എ.ബേബി വി.കെ.വിക്രമനെ പ്രാക്കുളത്തെ വാലുവിള വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അതിന് മുമ്പ് ക്രിസ്മസിന് കേക്കുമായി ഭാര്യ ബെറ്റിക്കൊപ്പവും എത്തിയിരുന്നു. അതുകൊണ്ട് തന്നെ സി.പി.എം ജനറൽ സെക്രട്ടറിയായ ശേഷവും എം.എ.ബേബി തന്നെ കാണാൻ എത്തുമെന്ന് വി.കെ.വിക്രമൻ പ്രതീക്ഷിച്ചിരുന്നു. സി.പി.എമ്മിന്റെ കൊല്ലത്തെ അന്തരിച്ച പ്രമുഖ നേതാക്കളായ എൻ.ശ്രീധരന്റെയും എം.കെ.ഭാസ്കരന്റെയും വീടുകളിലെത്തി കുടുംബാംഗങ്ങളെയും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |