കാസർകോട്: കോഴിയമ്മ കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്നതുപോലെ അദ്ധ്യാപികയ്ക്ക് ഹാൾടിക്കറ്റ് ഒളിപ്പിക്കാൻ സമയം കിട്ടിയില്ല. മിന്നൽ വേഗത്തിലെത്തിയ പരുന്ത് ഹാൾടിക്കറ്റ് റാഞ്ചി പറന്നുയർന്നു. കാലിലെ നഖങ്ങളിൽ കോർത്ത ഹാൾടിക്കറ്റുമായി സമീപത്തെ മരത്തിലും സ്കൂൾ പവലിയനിലും മാറിമാറിയിരുന്നു. വകുപ്പുതല പരീക്ഷയെഴുതാൻ എത്തിയ അദ്ധ്യാപിക അന്തംവിട്ടു നിന്നു.
പ്രധാനാദ്ധ്യാപക സ്ഥാനക്കയറ്റത്തിനുള്ള വകുപ്പുതല പരീക്ഷാകേന്ദ്രമായ കാസർകോട് ടൗൺ ഗവ. യു.പി സ്കൂളിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു പരുന്തിന്റെ വിളയാട്ടം. ഏഴരയ്ക്കായിരുന്നു പരീക്ഷ. അദ്ധ്യാപിക ഹാൾടിക്കറ്റും കൈയിൽ പിടിച്ച് ഹാളിലേക്ക് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തട്ടിയെടുത്ത് പറന്നത്. സങ്കടപ്പെട്ട് പരുന്തിനെയും നോക്കിയിരിപ്പായി അദ്ധ്യാപിക. ഒപ്പമുണ്ടായിരുന്നവർ പല ശ്രമങ്ങളും നടത്തിയിട്ടും പരുന്ത് ഹാൾടിക്കറ്റിന്റെ പിടിവിട്ടില്ല.
പരീക്ഷതുടങ്ങാൻ നിമിഷങ്ങൾ മാത്രം. അതിനിടെ പരുന്ത് സ്കൂൾ ഓഫീസ് ജനലിന് മുകളിൽ വന്നിരുന്നു. കാലൊന്നനക്കി. ഹാൾടിക്കറ്റ് താഴേക്ക്. അദ്ധ്യാപികയുടെ ശ്വാസംനേരെ വീണു. ഹാൾടിക്കറ്റുമായി പരീക്ഷാഹാളിലേക്ക്.
സ്കൂളിൽ സ്ഥിരതാമസമാക്കിയ പരുന്ത് മുമ്പ് കുട്ടികളുടെ പേനയും മറ്റും റാഞ്ചിയിട്ടുണ്ട്. കുറേസമയം കഴിയുമ്പോൾ താഴേക്കിടും. കുട്ടികളുടെയും അദ്ധ്യാപകരുടെയും ഉറ്റചങ്ങാതിയാണ് പരുന്ത്. അവരുടെ കൈത്തണ്ടയിലടക്കം വന്നിരിക്കും. ഇതുവരെ ആരർെയും ഉപദ്രവിച്ചിട്ടില്ലെന്ന് ഹെഡ്മാസ്റ്ററിന്റെ ചുമതല വഹിക്കുന്ന റാം മനോഹർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |