ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ റസൽപുരം വാർഡിൽ ചാനൽപ്പാലം-റസൽപുരം റോഡിൽ സിമന്റ് ഗോഡൗണിന് സമീപത്തെ കനാലും പരിസരപ്രദേശവും ഇഴജന്തുക്കളുടെ താവളമാകുന്നു. പുറമ്പോക്ക് ഭൂമിയടക്കമുള്ള സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളെല്ലാം കാടുകയറി നശിക്കുകയാണ്. അണലി,മൂർഖൻ, കൊമ്പേറി തുടങ്ങി ഉഗ്രവിഷമുള്ള ഇഴജന്തുക്കൾ സ്വകാര്യവ്യക്തികളുടെ പുറമ്പോക്ക് ഭൂമികളിൽ താവളമാക്കിയിരിക്കുകയാണ്.
കനാലിന് സമീപത്തെ 15 സെന്റോളം വരുന്ന സ്വകാര്യവ്യക്തിയുടെ പുരയിടം കാടുകയറി 15 വർഷമായിട്ടും ഉടമ ഇതുവഴി തിരിഞ്ഞുനോക്കുന്നില്ല. അമ്പത് വർഷമായ കിണറും പുറമ്പോക്ക് ഭൂമിയിലുണ്ട്. കിണറ്റിനുള്ളിലും പാമ്പിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. പാമ്പിന്റെ വലിയ മാളങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ഒപ്പം തെരുവുനായ്ക്കളും കീരിയും ഈ ഭാഗത്തെ അന്തേവാസികളാണ്. നിരവധി തവണ മെമ്പറോടും പഞ്ചായത്തിനോടും പരാതിപ്പെട്ടിട്ടും അധികൃതർ മൗനംപാലിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
പാമ്പുകളെ ഭയന്നാണ് നാട്ടുകാർ
എള്ളുവിള ഭാഗത്ത് നിന്നും കനാലിലെ കുളിക്കടവിലേക്ക് കൊച്ചുകുട്ടികളടക്കം നിരവധി പേർ എത്തുന്നുണ്ട്. രാത്രി 7 മണിക്കും കുളിക്കടവിൽ ആളുകളെത്തുന്നത്. കനാലിൽ നിന്നും 500 മീറ്റർ അകലെ ഓരാനകോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കാവാണ്. കനാൽ വഴി കാവിലേക്ക് പോകുന്ന വഴിയും കാടുകയറി നശിക്കുകയാണ്. ബാലരാമപുരം, മാറനല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായിട്ടും ജനപ്രതിനിധികൾ നടപടി സ്വീകരിക്കുന്നില്ല. ഒരു മീറ്ററോളം നീളമുള്ള കൊമ്പേറിയാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. ഇഴജന്തുക്കളെ പിടികൂടി ഫോറസ്റ്റിന് കൈമാറുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും പാമ്പ് പിടിത്തക്കാർ സജീവമായതോടെ പഞ്ചായത്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കാട് വെട്ടിത്തെളിക്കണം
ബാലരാമപുരം, മാറനല്ലൂർ പഞ്ചായത്ത് അധികൃതർ കനാൽപ്രദേത്തെ പുറമ്പോക്ക് ഉൾപ്പെടെയുള്ള സ്വകാര്യവ്യക്തിയുടെ പുരയിടങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ നോട്ടീസ് നൽകേണ്ടത് അത്യാവശ്യമാണ്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയും കാട് വെട്ടിത്തെളിക്കാനാകും. ഉഗ്രവിഷമുള്ള പാമ്പുകളുടെ ഉപദ്രവത്തിൽ എള്ളുവിള ഭാഗത്ത് നിന്നുള്ള അമ്പതോളം കുടുംബങ്ങൾക്കും വഴിയാത്രക്കാർക്കും റസൽപുരം ഭാഗത്തേക്ക് പോകാനാകാത്ത അവസ്ഥാണ്. റസൽപുരം ഗുരുമന്ദിരത്തിൽ വൈകുന്നേരങ്ങളിൽ നടക്കുന്ന പ്രതിമാസചതയപൂജയിലും ഗുരുമന്ദിരം വാർഷിക ആഘോഷങ്ങളിലും കനാൽ കടന്നാണ് എള്ളുവിള നിവാസികൾ ഗുരുമന്ദിരത്തിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |