കോഴഞ്ചേരി: പള്ളിയോട സേവാ സംഘം ആറന്മുള സത്രക്കടവിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന കളരി സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. മൂന്നാം ദിവസത്തെ പരിശീലനം ആറന്മുള എസ്. എച്ച്.ഒ പ്രവീൺ ഉദ്ഘാടനം ചെയ്തു. കെ.വി സാംബദേവൻ, പ്രസാദ് ആനന്ദഭവൻ, രമേശ് മാലിമേൽ, എം.കെ ശശികുമാർ പണ്ടനാട്, പി.ആർ ഷാജി, ശശി മാലക്കര, സി.കെ ജയപ്രകാശ്, മനേഷ് എസ്.നായർ, മോഹൻ ജി.നായർ, സി.ജി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. 2018 ൽ ഉണ്ടായ മഹാ പ്രളയത്തിൽ നീന്തൽ അറിയാത്തത്തു കാരണം രക്ഷാ പ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. അതു മനസിലാക്കി നിരവധി രക്ഷാ കർത്താക്കൾ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി കൂട്ടിക്കൊണ്ടുവന്നു. വെള്ളത്തിൽ ഇറങ്ങാനുള്ള ഭയം മാറ്റിയെടുക്കുക എന്നതായിരുന്നു ഇത്തവണത്തെ പ്രരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം. നീന്തൽ പരിശീലനത്തോടൊപ്പം, വെള്ളത്തിൽ വീഴുന്നവരെ എങ്ങിനെ രക്ഷപെടുത്തണം, ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ, വെള്ളം കുടിച്ചാൽ ചെയ്യേണ്ടുന്ന പ്രഥമശുശ്രുഷ തുടങ്ങിയ കാര്യങ്ങളും പരിശീലന കളരിയിൽ പങ്കെടുത്ത കുട്ടികൾക്കു വ്യക്തമാക്കിക്കൊടുത്തു. പത്തനംതിട്ട ഫയർ ഫോഴ്സിലെ എസ്.എഫ്.ആർ.ഒ പ്രേകുമാറിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീമീനൊപ്പം പള്ളിയോടം അമരക്കാരനായ നെടുമ്പ്രയാർ തങ്കച്ചനും പരിശീലനത്തിൽ പങ്കാളിയായി. നീന്തൽ പരിശീലനകളരി വരും വർഷവും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. പള്ളിയോട സേവാസംഘം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സദസ് ഏപ്രിൽ 11ന് രാവിലെ 9.30 ന് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ നടക്കും. ജില്ലാ ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സുനിൽ എസ് മുഖ്യസന്ദേശം നൽകും. ശ്രീവിജയാനന്ദ വിദ്യാപീഠം മാനേജർ അജയകുമാർ വല്ലുഴത്തിൽ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |