വടക്കാഞ്ചേരി: കാർഷിക ഉത്സവമായ വിഷുവിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി നാടും നഗരവും. ഇതോടെ പടക്ക വിപണിയും സജീവമായി. ബോളും ബാറ്റും മാർക്കോയുമാണ് ഇത്തവണ താരം. പതിവ് പടക്കങ്ങൾക്ക് പുറമെ ഡ്രോൺ, ഹെലികോപ്ടർ എന്നിങ്ങനെ പുതിയ ഇനങ്ങളും വിപണിയിലുണ്ട്. ലെമൺ ട്രീ, വാൾമേശപ്പൂവ്, എമുഎഗ്, ജാക്ക് പോട്ട് എന്നിവയ്ക്കും വൻ ഡിമാൻഡാണ്. തീ കൊടുത്താൽ വായുവിൽ ഉയർന്ന് കറങ്ങി തിരിഞ്ഞ് പൊട്ടുന്ന പടക്കങ്ങളാണ് ഹെലികോപ്ടറും ഡ്രോണും. 30 രൂപ മുതൽ 50 രൂപവരെയാണ് വില. ആകാശത്ത് ഉയർന്ന് പൊട്ടുന്ന 'സ്‌കൈ ഷോട്ടും' വ്യത്യസ്തമാണ്. 100 മുതൽ 1000 രൂപയിലധികം വരെ വിലയുള്ള സ്‌കൈ ഷോട്ടുകളുണ്ട്. മാല ഓലപ്പടക്കങ്ങൾ, കമ്പിത്തിരികൾ, കുടച്ചക്രങ്ങൾ. വാണക്കുറ്റികൾ, മത്താപ്പൂ, ഗുണ്ട് എന്നിവയാണ് മറ്റ് പ്രധാന ഐറ്റങ്ങൾ. പൂക്കുറ്റിക്ക് ഏഴ് രൂപ മുതലാണ് വില. 10 രൂപ മുതൽ 70 രൂപവരെ വിലയാണ് കമ്പിത്തിരികൾക്കുള്ളത്.
മാലപ്പടക്കങ്ങൾക്ക് 200 രൂപ മുതലാണ് നിരക്ക്. 35 രൂപ മുതൽ 12,000 രൂപ വരെ വിലയുള്ള പടക്കങ്ങൾ വിപണി കീഴടക്കി കഴിഞ്ഞു. 500, 1000, 1500 രൂപയുടെ കിറ്റുകളും വിപണിയിലുണ്ട്. ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ എത്തിക്കുന്നത്. പലരും കൂട്ടായ്മയുണ്ടാക്കി ശിവകാശിയിൽ ചെന്ന് നേരിട്ടും പടക്കങ്ങൾ വാങ്ങുന്നുണ്ട്.
അത്താണി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ പടക്കശാല തുറന്നു. ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച പടക്കങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വില്പന. പ്രസിഡന്റ് സി.എസ്.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ബി.പീതാംബരൻ, മുൻ പ്രസിഡന്റ് എൻ.എ.ജോണിന് നൽകി ആദ്യ വില്പന നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |