വിതുര: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ബോണക്കാട് എസ്റ്റേറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മഴയത്ത് ചോർന്നൊലിക്കുന്ന ലയങ്ങളുടെ പുനരുദ്ധാരണം, നവീകരണ പ്രവർത്തനങ്ങൾ എന്നിവ വേഗത്തിലാക്കും. ഇതിനായി തുക അനുവദിച്ചു. എസ്റ്റേറ്റിലെ ലയങ്ങൾ ചോർന്നൊലിക്കുകയും, തൊഴിലാളികൾ നനഞ്ഞുകുതിരുകയും ചെയ്യുന്നതായി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാറ്റത്ത് ലയങ്ങൾ പൊളിഞ്ഞുവീഴുകയും ചെയ്യുന്നുണ്ട്. വാർത്തശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടു.
ജി.സ്റ്റീഫൻ എം.എൽ.എയുടെയും കളക്ടർ അനുകുമാരിയുടെയും സാന്നിദ്ധ്യത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്.
ആറുമാസത്തിനുള്ളിൽ ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. 42 ലയങ്ങളിലായി 137 കുടുംബക്കാരാണ് സ്ഥിര താമസക്കാരായുള്ളത്. ഇവരെ നാല് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. ഒരു ഡിവിഷന്റെ മേൽക്കൂരയുടെ പണി പൂർത്തിയാക്കിയ ശേഷമാകും ബാക്കിയുള്ള ഡിവിഷനുകളിൽ പണികൾ ആരംഭിക്കുക. നാലു കോടി രൂപയാണ് പുനരുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്. ആക്ഷൻ പ്ലാൻ ലഭ്യമായാൽ ഉടൻ നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജോലികൾ ആരംഭിക്കും.
ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള ചികിത്സാധനസഹായവും വിവാഹ ധനസഹായവും പ്ലാന്റേഷൻ റിലീഫ് ഫണ്ടിൽ നിന്നും അനുവദിച്ചു. അർബുദ രോഗബാധിതയായ കനകമ്മയ്ക്കും ഹൃദ്രോഗിയായ രാജുവിനും 10000 രൂപ വീതവും മകളുടെ വിവാഹ ധനസഹായമായി യേശുദാസിന് 15000 രൂപയുമാണ് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. ഇത് ഉടൻ വിതരണം നടത്തും.
യോഗത്തിൽ തിരുവനന്തപുരം ജില്ല ലേബർ ഓഫീസർ, നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്പെക്ടർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |