മലപ്പുറം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാനതല മോക്ഡ്രിൽ ഇന്ന് പൊന്നാനി, താനൂർ ഫിഷിങ് ഹാർബറുകളിൽ നടക്കും. ചുഴലിക്കാറ്റിനെതിരെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തതിനായാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം 12 ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിലാണ് ഒരേസമയം മോക്ഡ്രിൽ സംഘടിപ്പിക്കുക. ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പൊലീസ്, മെഡിക്കൽ ആൻഡ് റെസ്‌ക്യൂ ടീം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഫയർഫോഴ്സ് എന്നിവരടങ്ങിയ സംഘം മോക്ഡ്രിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ദുരന്തം മുന്നറിയിപ്പ് ലഭിക്കുന്ന പക്ഷം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയ ഉപാധികളുടെ കൃത്യമായ വിനിയോഗം, പ്രതികരണ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം, തുടങ്ങി മോക്ഡ്രില്ലിലെ പ്രധാന പ്രവർത്തനങ്ങൾ വിലയിരുത്തും. ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നും ടേബിൾ ടോപ്പ് എക്‌സൈസ് നടപടികൾ നിരീക്ഷിക്കും. മോക്ഡ്രിൽ നടത്താൻ ആവശ്യമായ സ്ഥലം സജ്ജീകരിക്കാൻ ഇന്റർ ഏജൻസി ഗ്രൂപ്പ്, എമർജൻസി റെസ്‌പോൺസ് ടീം എന്നിവരെ ചുമതലപ്പെടുത്തി. ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെ തയ്യാറെടുപ്പുകളും സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് മോക്ഡ്രിൽ എക്സസൈസിലൂടെ പരിശോധിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |