മലപ്പുറം: വിഷു എത്താറായതോടെ ജില്ലയിൽ അഴക് വിരിച്ച് കൃഷ്ണവിഗ്രഹങ്ങൾ എത്തിത്തുടങ്ങി. ഓടക്കുഴൽ വായിക്കുന്ന കണ്ണൻ, വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണൻ, പ്രണയം തുളുമ്പുന്ന രാധാ-കൃഷ്ണന്മാർ തുടങ്ങി പല നിറത്തിലും ഭാവങ്ങളിലുമുള്ള വിഗ്രഹങ്ങളാണ് വിപണി കീഴടക്കുന്നത്. പ്രധാനമായും രാജസ്ഥാനിൽ നിന്നാണ് വിഗ്രഹങ്ങൾ എത്തുന്നത്.
ബ്രാസ്, ബ്ലാക്ക് മെറ്റൽ, ക്രിസ്റ്റൽ എന്നിവയിൽ തീർത്ത വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ. 200 മുതൽ 9,000 രൂപ വരെയുള്ള വിഗ്രഹങ്ങളാണ് വിപണിയിൽ പ്രധാനമായും ഉള്ളത്. പേപ്പർ പൾപ്പ്, ഫൈബർ, പോളി മാർബിൾ, മെറ്റൽ എന്നിവ ഉപയോഗിച്ച് നിർമിച്ച വിഗ്രഹങ്ങളുമുണ്ട്. ഓയിൽ പെയ്ന്റ് ചെയ്തു മിനുക്കിയ കൃഷ്ണ വിഗ്രഹങ്ങളും കൂട്ടത്തിലുണ്ട്. ഇവയ്ക്കു 1,000 മുതൽ 4,000 രൂപയാണ് വില. വില അൽപം കൂടുതലാണെങ്കിലും പൊട്ടാതെയും നിറം മങ്ങാതെയും നിൽക്കുന്ന ഫൈബർ കൊണ്ടുള്ളവയ്ക്കും ആവശ്യക്കാരുണ്ട്.
വീടുകളിലേക്ക് പുറമേ ക്ഷേത്രങ്ങളിലെ വിൽപന ശാലകളിലേക്കും വിഗ്രഹങ്ങൾ വാങ്ങാൻ ഒട്ടേറെ പേരാണ് എത്തുന്നത്. വരും ദിവസങ്ങളിലായി ആവശ്യക്കാരുടെ എണ്ണം കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളും വഴിയരികിൽ കൃഷ്ണ വിഗ്രഹ വില്പനയുമായി എത്തിയിട്ടുണ്ട്.
വിഷു ട്രെന്റായി വസ്ത്രങ്ങളും
പ്രിന്റഡ് വസ്ത്രങ്ങളാണ് കൂടുതൽ വിറ്റഴിയുന്നതെന്ന് വ്യാപാരികൾ പറയുന്നത്. കണിക്കൊന്ന, തെയ്യം, കഥകളി തുടങ്ങിയവ പ്രിന്റ് ചെയ്ത വസ്ത്രങ്ങളാണ് വിഷു ട്രെൻഡ്. ജുബ്ബയ്ക്കും ആവശ്യക്കാരേറെയുണ്ട്.
ദാവണി, ഷർട്ട്, മുണ്ട്, സെറ്റ് സാരി എന്നിവയും ഹിറ്റാണ്. ഫാമിലി കോംബോ വസ്ത്രങ്ങളും എത്തിയിട്ടുണ്ട്.
നീല നിറത്തിലുള്ള വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ. വലിപ്പത്തിനനുസരിച്ച് വിലയിലും മാറ്റമുണ്ട്.
കെ.ടി.നാരായണൻ, വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |