മാള: തൃശൂരിൽ ആറുവയസുകാരനെ കുളത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അയൽവാസിയായ 20 വയസുകാരൻ ജോജോയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
കുട്ടിയുടെ മൃതദേഹം നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി ഉടൻ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇന്നലെ വൈകിട്ട് ആറരയോടൊണ് കുട്ടിയെ കാണാതായത്. തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും അന്വേഷണം ആരംഭിച്ചു. പിന്നീട് വീടിന് സമീപമുള്ള സ്വർണ്ണപള്ളം പാടശേഖരത്തിനടുത്തുള്ള കുളത്തിൽ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ തെരയുമ്പോൾ പ്രതിയായ ജോജോയും കൂടെയുണ്ടായിരുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ജോജോ ശ്രമിച്ചിരുന്നു. മറ്റ് പലയിടത്തും അന്വേഷിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചു. സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇയാളും കുട്ടിയും നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടി. കുട്ടിക്കാലത്ത് കുറ്റകൃത്യത്തിൽ പെട്ട് ജോജോ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
'കുട്ടിയെ അയാൾ വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കുട്ടിയോട് മോശമായി പെരുമാറി. കുട്ടി എതിർത്തു. അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോൾ എന്നാൽ ആയിക്കോട്ടെയെന്ന് പറഞ്ഞ് മുഖം പൊത്തിപ്പിടിച്ച് ബലമായി കുളത്തിലിട്ട് കൊന്നുവെന്നാണ് പ്രാഥമികമായി മനസിലായത്.'- അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |