ന്യൂഡൽഹി : ഇന്നലെ ഇന്ത്യയിലെത്തിച്ച മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ തഹാവൂർ റാണയുടെ ചോദ്യം ചെയ്യലിനായി എൻ.ഐ.എ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് വൻസുരക്ഷ.
എൻ.ഐ.എ ആസ്ഥാനത്തെ താഴത്തെ നിലയിൽ അതീവ സുരക്ഷാ സംവിധാനങ്ങളോടെയുള്ള സെല്ലിലാണ് തഹാവൂർ റാണയെ പാർപ്പിക്കുന്നത്. വലിയൊരു കിടപ്പുമുറിയുടെ വലിപ്പമുള്ള (14 X14 അടി നീളവും വീതിയും) സെല്ലിൽ റാണയെ സർവനേരവും നിരീക്ഷിക്കാൻ സി.സി.ടി.വി ക്യാമറകളുണ്ട്. പലതലങ്ങളിലായി ഡിജിറ്റൽ സുരക്ഷയുമുണ്ട്. ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗവും ആസ്ഥാനത്തിന് ചുറ്റും കാവലുണ്ട്. 12 എൻ.ഐ.എ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്. ഇവർക്ക് മാത്രമേ സെല്ലിലേക്ക് പ്രവേശനാനുമതിയുള്ളൂ. രണ്ട് വീഡിയോ ക്യാമറയിൽ റെക്കാഡ് ചെയ്യുന്ന ചോദ്യം ചെയ്യലിന്റെ ദൈനംദിന റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കും.
കിടക്ക, കുളിമുറി, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയതിനാൽ റാണയെ പുറത്തേക്ക് ഇറക്കേണ്ട ആവശ്യം വരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തുടർച്ചയായി ചോദ്യം ചെയ്യില്ല. 48 മണിക്കൂർ ഇടവിട്ട് മെഡിക്കൽ പരിശോധന നടത്തും.
തഹാവൂർ റാണയെ യു.എസിൽ നിന്ന് ഇന്നലെയാണ് ഇന്ത്യയിലെത്തിച്ചത്. ഇന്നലെ ഡൽഹി വിമാനത്താവളത്തിലെത്തിച്ച് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തി. എൻ.ഐ.എ ചോദ്യംചെയ്‌ത ശേഷം രാത്രി 10.30ഓടെ പട്യാലാ ഹൗസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ പുലർച്ചെ 2 ഓടെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. 18 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. അസാധാരണ അർദ്ധ രാത്രി സിറ്റിംഗാണ് നടന്നത്. രാത്രി 12 വരെ വാദം നീണ്ടു. 20 ദിവസത്തെ കസ്റ്റഡിയാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്. പാക്-കനേഡിയൻ പൗരനാണ് 64കാരനായ റാണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |